വയനാട് > വെള്ളക്കെട്ടിന് മുകളിലൂടെ പാൻറ്റൂൺ ബ്രിഡ്‌ജ്, ഓളപ്പരപ്പിലൂടെ ബോട്ടുയാത്ര, കണ്ണിന് കുളിരേകി ജലധാര, തടാകം തഴുകിയെത്തുന്ന കാറ്റേറ്റിരിക്കാൻ കൽമണ്ഡപം, വർണവൈവിധ്യങ്ങളുടെ പൂന്തോട്ടം, കുട്ടികൾക്കായി പാർക്ക്... വിനോദ യാത്രികരുടെ പറുദീസയായ വയനാട്ടിലെ കർലാട് തടാകം അനിർവചനീയ അനുഭൂതിയാണ്. ഒരുതവണ എത്തിയാൽ ഏതൊരു സഞ്ചാരിയേയും മാടിവിളിക്കുന്ന പ്രകൃതി സൗന്ദര്യം.
വയനാട്ടിലെത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത കേന്ദ്രമാണ് നാല് കുന്നുകൾക്കിടയിൽ പത്തേക്കറിൽ പരന്നുകിടക്കുന്ന കാവുമന്ദം കർലാട് തടാകം. ശാന്തമായ അന്തരീക്ഷവും കുളിരും തണലുമേകുന്ന വൃക്ഷലതാദികളും പൂക്കളും ചെറുപക്ഷികളുമെല്ലാം സവിശേഷതയാണ്. പച്ചപ്പിൽ നിറഞ്ഞാടുന്ന തടാകത്തിൽ ബോട്ടിങ്ങിനൊപ്പം കയാക്കിങ്ങുമുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സന്ദർശനം. ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞിന്റെ മേലാപ്പും കർലാടിനെ മനോഹരിയാക്കും. ഇത് കണക്കിലെടുത്ത് മോർണിങ് ടൂറിസം പദ്ധതിക്കും ടൂറിസം വകുപ്പ് ഒരുങ്ങുന്നുണ്ട്. പുലര്‍കാല ടൂറിസം അനുവദിച്ചാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ജില്ലയില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് അതിരാവിലെയെത്തി സമയം ചെലവഴിക്കാനും ആസ്വദിക്കാനും ഇതുകൊണ്ട് സാധിക്കും.
കൽപ്പറ്റയിൽനിന്നും 15 കിലോമീറ്ററാണ് കർലാട് തടാകത്തിലേക്കുള്ളത്. ബത്തേരിയിൽനിന്നും 39 ഉം മാനന്തവാടിയിൽ നിന്നും 27.2 കിലോമീറ്ററുമുണ്ട്. കൽപ്പറ്റയിൽനിന്നും പടിഞ്ഞാറത്തറ–മാനന്തവാടി റൂട്ടിലെ കാവുമന്ദം എച്ച്‌എസ് ജങ്‌ഷനിൽനിന്നും മൂന്ന് കിലോമീറ്റർ യാത്രചെയ്‌താൽ വിനോദ സഞ്ചാരകേന്ദ്രത്തിലെത്താം. മുതിർന്നവർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരൻമാർക്ക് 20 രൂപയിമാണ് പ്രവേശന നിരക്ക്.
സാധാരണ ദിവസങ്ങളിൽ കർലാട് 300-500 വരെ സഞ്ചാരികളെത്തുമായിരുന്നു. എന്നാൽ മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞത് കർലാടിനെയും ബാധിച്ചു. മറ്റ് വിനോദസഞ്ചാരങ്ങളെപ്പോലെ തിരിച്ചുവരവിന്റെ പാതയിലാണ് ഈ പ്രകൃതിദത്ത തടാകവും. ഓണക്കാലത്തോടെ കൂടുതൽപേർ എത്തിത്തുടങ്ങി. ഓണത്തിന് തൊട്ടുമുമ്പുവരെ നൂറിനും നൂറ്റമ്പതിനുമടുത്ത് സഞ്ചാരികളാണ് വന്നതെങ്കിൽ ഇപ്പോൾ ഇരട്ടിയലധികമായി. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് തുണയായത്. ഞായറാഴ്‌ച സഞ്ചാരികളുടെ എണ്ണം അഞ്ഞൂറ് കടന്നത് ശുഭസൂചനയായി. വിജയദശമി അവധിക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവർ എത്തുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..