22 December Sunday
യാത്രാവിവരണം

കായൽപട്ടിണത്തെ വിശേഷങ്ങൾ! സാഹോദര്യത്തിന്റെ തീരദേശത്തേക്ക് ഒരു യാത്ര

ഡോ:കെ.ടി.ജലീൽUpdated: Friday Oct 25, 2024

സൗഹൃദ നഗരം എന്നാണ് കായൽപട്ടിണം അറിയപ്പെടുന്നത്. ജനങ്ങൾ തമ്മിൽ കശപിശകളോ അടിപിടികളോ ഇല്ലാത്ത മുനിസിപ്പാലിറ്റി. ഉദ്ദേശം അറുപതിനായിരത്തോളം വരും ജനസംഖ്യ. പൂർവികരായ കാരണവൻമാർ എടുത്ത തീരുമാനത്തിൽ നിന്ന് ഒരിഞ്ച് വ്യതിചലിക്കാതെ ഇന്നും മുന്നോട്ടുപോകുന്ന സമൂഹം. ജനസംഖ്യയിൽ 75% മുസ്ലിങ്ങൾ. 18% ഹിന്ദുക്കൾ. 7% ക്രൈസ്തവർ. പരസ്പര വിശ്വാസത്തിലും സഹകരണത്തിലും സ്നേഹത്തിലും കായൽപട്ടിണവാസികൾ ജീവിക്കുന്നത് കണ്ടാൽ ശരിക്കും അസൂയ തോന്നും.

 എല്ലാ മതക്കാരും അവരവരുടെ മതനിഷ്ഠ പിന്തുടർന്ന് ജീവിക്കുന്നവർ. ഒരാളുടെ വിശ്വാസം മറ്റുള്ളവരെ അലോസരപ്പെടുത്താത്ത ദേശം. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നഗരം. ഒരുപക്ഷെ, പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി. കള്ള്ഷോപ്പോ ബാർ ഹോട്ടലോ ഇല്ലാത്ത നഗരസഭ. നഷ്ടഭയത്താൽ ഒരു തിയ്യേറ്റർ പോലും ആരും ഇതുവരെ ഉണ്ടാക്കാത്ത പട്ടണം. പൊതു ഓടകൾ നിർമ്മിക്കപ്പെടാത്ത നഗരപ്രദേശം. സ്വന്തം വീട്ടിലെ അഴുക്കുജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിടാത്ത നാട്ടുകാർ. അവരവരുടെ വീട്ടുവളപ്പിൽ തന്നെ മലിനജലം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകാൻ സൗകര്യമൊരുക്കിയ പരിഷ്കൃത സമൂഹം.

പവിഴവും മുത്തും കടലിൽ നിന്ന് പെറുക്കിയെടുത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലായി കച്ചവടം ചെയ്യുന്ന തദ്ദേശവാസികൾ. 90 ശതമാനവും സ്വയംപര്യാപ്തരായ ജനങ്ങൾ. ദരിദ്രരില്ലാത്ത മുനിസിപ്പൽ കോർപ്പറേഷൻ. ഓരോ മുസ്ലിം വീട്ടിലും ഓരോ "ഹാഫിളുകൾ" (ഖുർആൻ മനപാഠമാക്കിയവർ) ഉള്ള അപൂർവ്വ ദിക്ക്. ചതിയും വഞ്ചനയും കള്ളക്കടത്തും ഹവാലയും സാമ്പത്തിക കുറ്റകൃത്യങ്ങളും തൊട്ടു തീണ്ടാത്ത വിശുദ്ധമണ്ണ്. പറയാനേറെയുണ്ട് കായൽപട്ടിണത്തിൻ്റെ വിശേഷങ്ങൾ.

  പിറന്ന മണ്ണിനോട് ഇത്രമേൽ കൂറു പുലർത്തുന്നവർ ഈ ദേശക്കാരെപ്പോലെ വേറെ ഉണ്ടാകുമോ എന്ന് സംശയം. ഏഴാനാകാശത്താണെങ്കിലും വർഷത്തിലൊരിക്കൽ അവർ ജന്മദേശത്ത് കൂടണയും. വിവാഹങ്ങൾ സ്വന്തം നാട്ടിൽ തന്നെ നടത്തണമെന്ന് നിർബന്ധമുള്ളവർ. വിവാഹിതരായ മുഴുവൻ സ്ത്രീകളുടെ പേരിലും സ്വന്തമായി വീടുള്ള നാട്. ഒരാളെങ്കിലും കച്ചവടത്തിനായി വിദേശങ്ങളിൽ ഇല്ലാത്ത വീടുകൾ കാണാത്ത നഗരമാണ്. ഗൾഫ് നാടുകൾക്ക് പുറമെ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലാൻ്റ്, ഹോങ്കോംഗ്, അമേരിക്ക, ജപ്പാൻ, ന്യൂസ്ലാൻ്റ്, എന്നിവിടങ്ങളിലെല്ലാം പരന്ന് കിടക്കുന്ന പ്രവാസി വ്യാപാരികളുടെ ജന്മഗേഹം. വിവാഹ സമയത്ത് പെൺകുട്ടികൾക്ക് അവരുടെ പേരിൽ വീട് സമ്മാനമായി നൽകുന്ന കീഴ് വഴക്കത്തിന് ഭംഗം വരുത്താത്ത പട്ടിണം. കൊല്ലും കൊലയും കേട്ടിട്ടുപോലുമില്ലാത്ത നാട്ടുകാർ. സമ്പന്നരെങ്കിലും ഒട്ടും പ്രകടനപരത കാണിക്കാത്ത ദേശവാസികൾ. നിറകുടം തുളുമ്പില്ലെന്ന പഴമൊഴി സത്യമാണെന്നറിയാൻ കായൽപട്ടിണക്കാരുടെ ജീവിതം നിരീക്ഷിച്ചാൽ മതി. ഇരിപ്പിലും നടപ്പിലും പെരുമാറ്റത്തിലും കുലീനത കാണാം.പോർച്ചുഗീസുകാർക്കെതിരായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ പിൻമുറക്കാർ. കുഞ്ഞാലിമരക്കാരുടെ സഹായഹസ്തത്തിൽ സാംസ്കാരിക തനിമ കൈമോശം വരാതെ കാത്തുസൂക്ഷിച്ച ജനത. കൈറോ മോഡലിൽ പണിത ഇന്ത്യയിലെ ഏക നഗരപ്രദേശം.

സ്ത്രീകൾക്ക് നടക്കാൻ പ്രത്യേക നടപ്പാതകളുള്ള പട്ടണം. നിർമ്മാണത്തിലെ പ്രത്യേകതകളാൽ നടപ്പാതയിലൂടെ നടന്ന് നഗരത്തിൻ്റെ ഏതു ഭാഗത്തെത്താനും നിഷ്പ്രയാസം സാധിക്കും. 92 ശതമാനം ആളുകളും വിദ്യാസമ്പന്നർ. തൊഴിൽ രഹിതരായ ചെറുപ്പക്കാർ അലസരായി കൂട്ടംകൂടിയിരിക്കുന്നത് കാണാത്ത ദേശം. വൈകുന്നേരങ്ങളിൽ കാൽപ്പന്ത് കൊണ്ട് ഗ്രൗണ്ടുകളിൽ ആരവം തീർക്കുന്ന പുതുതലമുറ.

സർക്കാർ ജീവനക്കാർ വിരലിലെണ്ണാവുന്നവർ മാത്രമുള്ള നഗരപ്രദേശം. കായൽപട്ടിണത്ത് ബി.എ ഡിഗ്രി പൂർത്തിയാക്കിയ ആദ്യത്തെ വ്യക്തിയാണത്രെ ജീലാനി സാഹിബ്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് ഗവൺമെൻ്റിന് കീഴിൽ ജോലി ചെയ്യവെ ഒരു സംഭവമുണ്ടായി. "അനുസരണപൂർവ്വം'' എന്ന് എഴുതി മേലാധികാരിക്ക് ഒപ്പിട്ട് കത്ത് അയക്കേണ്ടി വന്നപ്പോൾ അദ്ദേഹം അതിന് വിസമ്മതിച്ചു. അനുസരണം ദൈവത്തിനുമാത്രമേ ആകാവൂ എന്നു പറഞ്ഞ് ജീലാനി ഫയലിൽ ഒപ്പുവെക്കാതെ ജോലി രാജിവെച്ച് പോന്നു.

 സ്വാതന്ത്ര്യാനന്തരവും സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കാതെ സ്വന്തം ഉപജീവന വഴികൾ അവർ വെട്ടിത്തെളിയിച്ചു. വിനയവും സഹനവും മുഖമുദ്രയാക്കിയവരാണ് കായൽപട്ടിണക്കാർ. ഭക്ഷണത്തിലുൾപ്പടെ മിതത്വം പാലിക്കുന്നവർ. "കലൈഞ്ജർപട്ടിണ" മെന്നും തമാശയായി ഈ നഗരം വിളിക്കപ്പെടുന്നു. പണ്ടുമുതൽക്കേ കായൽപട്ടിണവാസികൾ കരുണാനിധിയുടെ ആളുകളാണ്. വർഗ്ഗീയതയും മതാന്ധതയും ഇവിടത്തുകാർക്ക് അപരിചിതമാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പ് പോലും സൗഹൃദപരമാണിവിടെ. യുണൈറ്റഡ് മുസ്ലിം കൗൺസിൽ പ്രഖ്യാപിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ മാത്രം ജിയിച്ചു വരുന്ന മേഖല. നിലവിൽ 18 മുനിസിപ്പൽ കൗൺസിലർമാർ. ഇതിൽ 11 മുസ്ലിങ്ങളും 7 മുസ്ലിമേതരരും. ഇവരിൽ മഹാഭൂരിഭാഗവും കരുണാനിധിയുടെ പാർട്ടിക്കാരാണ്.

ചെറിയ ചെറിയ പ്രശ്നങ്ങളെല്ലാം മഹല്ലു കൗൺസിൽ പറഞ്ഞു തീർക്കും. അരലക്ഷത്തിലധികം ആളുകളുള്ള ഈ പ്രദേശത്തു നിന്ന് ഒരു വർഷത്തിൽ ആകെ റജിസ്റ്റർ ചെയ്യപ്പെടുന്ന പെറ്റി കേസുകൾ പതിനഞ്ചിനും ഇരുപതിനുമിടയിൽ മാത്രമാണെന്ന് കായൽപട്ടിണം ഉൾകൊള്ളുന്ന പുറം നഗരമായ ആറുമുഖനേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ സാക്ഷ്യപ്പെടുത്തി. മുസ്ലിം ഭൂരിപക്ഷ മേഖലയായതിനാൽ ഒരു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ മുമ്പൊരു ശ്രമം നടന്നപ്പോൾ മതജാതി വ്യത്യാസമില്ലാതെ ജനങ്ങൾ അതിനെ എതിർത്തു. അതോടെ ആ ശ്രമം സർക്കാർ ഉപേക്ഷിച്ചു.

രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ ഉൽസുകരാണ്. ആരുടെ കീഴിലും ജോലി ചെയ്യാൻ പൊതുവെ ഇഷ്ടപ്പെടാത്തവരാണ് ഈ ദേശക്കാർ. സ്വന്തമായി കച്ചവടം ചെയ്യാനാണ് കായൽപട്ടിണക്കാർക്കു താൽപര്യം. ഗോൾഡ് കവറിംഗ് രംഗത്ത് പണിയെടുക്കുന്നവർ ധാരാളമുണ്ടിവിടെ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ വലിയ പട്ടണങ്ങളിൽ വിലകൂടിയ അലങ്കാരക്കല്ലുകളും മുത്തുകളും കച്ചവടം നടത്തുന്നവരിൽ നല്ലൊരു ശതമാനം കായൽപട്ടിണക്കാരാകും. ഭൂരിപക്ഷം പുരുഷൻമാരും ഉപജീവനം തേടി പുറത്താണ്.

വീട്ടിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് സാധാരണ ഉണ്ടാകാറ്. സമ്പത്തിൻ്റെ പളപളപ്പില്ലാത്ത നഗരം. ഇവിടുത്തെ ഒറ്റ നിലകളിൽ നിർമ്മിച്ച കെട്ടിടങ്ങൾ അതിൻ്റെ തെളിവാണ്. രണ്ട് നിലകളുള്ള കെട്ടിടം സ്കൂളുകൾക്കും കോളേജിനും മാത്രമേ കാണാനാകൂ.

 

ഈ അൽഭുത പട്ടണത്തെ കുറിച്ചറിഞ്ഞ നിമിഷം, ആഗ്രഹിച്ചതാണ് നേരിൽ പോയി കാണണമെന്ന്. വളാഞ്ചേരിയിൽ നിന്ന് 460 കിലോമീറ്ററിലധികം ദൂരമുണ്ട് കായൽപട്ടിണത്തിലേക്ക്. പോകാൻ തന്നെ തീരുമാനിച്ചു. കൂട്ടിന് വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ ഫൈസൽ തങ്ങളെയും സുഹൃത്ത് ചെറാല ഗഫൂറിനെയും കൂട്ടി. എൻ്റെ ഗൺമാൻ പ്രജീഷും ഡ്രൈവർ മുനീറും കൂടെച്ചേർന്ന യാത്ര സന്തോഷം നിറഞ്ഞതായി. രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട ഞങ്ങൾ പാലക്കാട്, പൊള്ളാച്ചി, മധുര വഴിയാണ് കാറിൽ സഞ്ചരിച്ചത്. വൈകുന്നേരം 7.30 ന് കായൽപട്ടിണത്തെത്തി. സമീപകാലത്ത് മാത്രം ആരംഭിച്ച പേൾ റിസോർട്ടിലാണ് താമസിച്ചത്. തമിഴ്നാട്ടിലെ മുസ്ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ അബൂബക്കർ സാഹിബിൻ്റെ സഹോദരൻ അഹമ്മദ് മുഹിയദ്ദീനാണ് റിസോർട്ടിൻ്റെ നടത്തിപ്പുകാരൻ. സ്ഥലസന്ദർശനങ്ങൾക്ക് അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നു. കായൽപട്ടിണത്തിൻ്റെ ചരിത്രം മുഴുവൻ കലക്കിക്കുടിച്ച നല്ല മനുഷ്യൻ. മുനിസിപ്പൽ ചെയർമാനും ഡി.എം.കെ നേതാവുമായ മുത്തു മുഹമ്മദാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. താമസസ്ഥലത്ത് വന്ന് മുത്തുമുഹമ്മദ് ഞങ്ങളെ സ്വീകരിച്ചു. സ്ഥിതിവിവരങ്ങൾ അറിയാൻ മുനിസിപ്പൽ സെക്രട്ടറി, കുമാർ സിംഗിനെ ചെയർമാൻ നേരിട്ടു വിളിച്ച് ചുമതലപ്പെടുത്തി. ഞങ്ങൾ എത്തുന്ന വിവരം കായൽപട്ടിണത്തുള്ള തൻ്റെ ബിസിനസ് സുഹൃത്തിലൂടെ ചെയർമാനെ അറിയിച്ചത് നാട്ടുകാരനായ രഞ്ജിത്താണ്. ഒരു ജനതയുടെ വേരുതേടിയുള്ള യാത്രക്ക് അങ്ങിനെ പലകൈ സഹായം.

AD 1298-ൽ ഇറ്റാലിയൻ സഞ്ചാരിയായ മാർക്കോ പോളൊ 'കൊർക്കായ്' എന്നും 'കായൽ' എന്നും വിളിച്ച പ്രാചീന ഇന്ത്യൻ തുറമുഖ നഗരമാണ് കായൽപട്ടിണം. തമിഴ്നാട്ടിൽ തീരപ്രദേശത്ത് നിർമ്മിക്കപ്പെട്ട പട്ടണങ്ങളെ "പട്ടിണം"എന്നാണ് വിളിക്കാറ്. പട്ടണവും, പട്ടിണവും ഉപയോഗിക്കുന്നത് നഗരം എന്ന അർത്ഥത്തിലാണ്. കൊല്ലം തുറമുഖത്തോളം പഴക്കം കായൽപട്ടിണത്തിനുണ്ട്. അറബ് സഞ്ചാരി ഇബ്നുബത്തൂത്ത "ഫതാൻ" എന്നാണ് ഈ തുറമുഖത്തെ അടയാളപ്പെടുത്തിയത്. ചൈനീസ് കടൽയാത്രക്കാരും ഈ തീരദേശ നഗരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

കൈറോയിൽ നിന്നാണ് ആദ്യ മുസ്ലിം കച്ചവട സംഘം കായൽപട്ടിണത്ത് എത്തിയത്. കോഴിക്കോടൻ തീരം അറേബ്യൻ കച്ചവടക്കാരെ സ്വീകരിച്ച പോലെ കായൽപട്ടിണക്കാരും കൈറോയിൽ നിന്നുള്ള സംഘത്തെ ഹാർദ്ദമായി വരവേറ്റു. ഈജിപ്ഷ്യൻ നിർമ്മാണ രീതി പട്ടിണത്തിൻ്റെ രൂപകൽപ്പനക്കായി അവലംബിച്ചതിൻ്റെ കാരണവും മറ്റൊന്നാകാൻ ഇടയില്ല.

പണ്ഡിറ്റ് ജവഹർലാൽ നഹ്റു കായൽപട്ടിണക്കാരെയും അവിടുത്തെ ദേശവാസികളെ കുറിച്ചും "ഇന്ത്യയെ കണ്ടെത്തൽ" എന്ന പുസ്തകത്തിൽ പ്രതിപാദിച്ചത് ഏറെ ശ്രദ്ധേയമാണ്.

12.5 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമാണ് ഈ തുറമുഖ നഗരത്തിനുള്ളത്. കായൽ പോർട്ട് മുതൽ രാമേശ്വരത്തിന് തൊട്ട്മുമ്പുള്ള 'തർവൈക്കുളം' വരെയുള്ള തീരപ്രദേശം "ഗൾഫ് ഓഫ് മന്നാർ" എന്ന പേരിലാണ് ചരിത്രത്തിൽ ഇടംനേടിയത്. ഇവിടെ അമൂല്യമായ ചിപ്പികളും മുത്തുകളും സുലഭമായി കിട്ടും. ഇവയാണ് പട്ടിണവാസികളുടെ ഉപജീവന മാർഗ്ഗമായത്.

കായൽപട്ടിണം മുനിസിപ്പാലിറ്റിയുടെ തനത് വരുമാനത്തിൻ്റെ 50 ശതമാനവും കിട്ടുന്നത് "ഭാരംഗദാര കെമിക്കൽ വർക്സ്" എന്ന ഉപ്പു ഫാക്ടറിയിൽ നിന്നാണ്. ഉപ്പും വിവിധ കെമിക്കലുകളും വേർതിരിക്കുന്ന പ്രക്രിയയാണ് കമ്പനിയിൽ നടക്കുന്നത്. ആയിരത്തോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. ജീവനക്കാരിൽ തദ്ദേശവാസികൾ വിരലിലെണ്ണാവുന്നവർ മാത്രം. ഓരോ വർഷവും കായൽപട്ടിണം നഗരസഭ വാർഷിക ബജറ്റിൽ വകയിരുത്തുന്ന തുകയെക്കാൾ നല്ലൊരു സംഖ്യ ബാക്കിയാകും. കഴിഞ്ഞ സാമ്പത്തിക വർഷം ഏതാണ്ട് എട്ടുകോടിയിലധികം രൂപയാണ് മിച്ചം വന്നതെന്ന് കമ്മീഷണർ പറഞ്ഞു.

 വിവരശേഖരണത്തിനായി ഓഫീസിലെത്തിയ ഞങ്ങളോട് വളരെ മാന്യമായാണ് അദ്ദേഹം പെരുമാറിയത്. നാല് സ്വകാര്യ ഹയർസെക്കന്ററി സ്കൂളുകളും, അഞ്ച് സർക്കാർ-എയ്ഡഡ് യു.പി സ്കൂളുകളും, ഒൻപത് സർക്കാർ-എയ്ഡഡ് എൽ.പി സ്കൂളുകളും ഒരു സ്വാശ്രയ വനിതാ കോളേജുമാണ് കുട്ടികളുടെ പഠനത്തിനായി നഗരസഭക്കുള്ളിൽ ഉള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ഞങ്ങൾ കോളേജിലും പോയി. മികച്ച നിലയിൽ നടക്കുന്ന സ്ഥാപനമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. 60 അദ്ധ്യാപകരിൽ 40 പേരും പി.എച്ച്.ഡിക്കാർ. 20 പേർ നെറ്റ് യോഗ്യത നേടിയവരാണ്. പെൺകുട്ടികൾക്കുള്ള കോളേജായതിനാൽ ആൺകുട്ടികൾ ഉപരിപഠനത്തിന് ചെന്നൈ ഉൾപ്പടെയുള്ള വലിയ നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. വിദേശത്ത് പഠിക്കുന്നവരുടെ എണ്ണവും കുറവല്ല.

ചെറുതും വലുതുമായ 31 മസ്ജിദുകളും 7 ചെറിയ ക്ഷേത്രങ്ങളും 3 ചർച്ചുകളുമാണ് മുനിസിപ്പാലിറ്റിക്കകത്ത് ഉള്ളത്. ഏതാണ്ടെല്ലാ മസ്ജിദുകളോടനുബന്ധിച്ചും സൂഫിവര്യൻമാരുടെയും പോർച്ചുഗീസുകാരുമായി പൊരുതിമരിച്ച ധീരദേശാഭിമാനികളുടെയും ദർഗ്ഗകൾ കാണാം. പലസ്ഥലങ്ങളിലും വർഷാവർഷം വലിയ ഉറൂസുകൾ നടക്കുക പതിവാണ്. കൈറോയിൽ നിന്ന് വന്ന കച്ചവട സംഘത്തോടൊപ്പം സൂഫികളും വന്നതായി ചരിത്രം പറയുന്നു. കൂട്ടത്തിലെ പ്രമുഖൻ സുൽത്താൻ ജമാലുദ്ദീനാണ്.

രണ്ട് മൽസ്യബന്ധന തുറമുഖങ്ങൾ കൊണ്ടും കീർത്തികേട്ട നാടാണ് കായൽപട്ടിണം. "രണ്ടാം മെക്ക" എന്നും "ദക്ഷിണേന്ത്യയിലെ കൈറോ" എന്നുമെല്ലാം ഈ നഗരം വിശേഷിപ്പിക്കപ്പെടുന്നു. ധാരാളം മദ്രസ്സകളും അറബിക് കോളേജുകളും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ നഗരസഭാ പരിധിക്കുള്ളിലുണ്ട്. കായൽപട്ടിണത്തിലെ എല്ലാ ഉൾറോഡുകളും പരസ്പര ബന്ധിതമാണ്. ഒരുപാട് സമാന്തര റോഡുകളും അനുബന്ധ റോഡുകളും കൊണ്ട് നിറഞ്ഞ കായൽപട്ടിണം, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാത്ത വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള പൈതൃക നഗരങ്ങൾക്കു സമാനമായ കാഴ്ചയാണ് എങ്ങും എവിടെയും ദർശിക്കാനാവുക. ഏതാണ്ടെല്ലാ സർക്കാർ ഓഫീസുകളും നാട്ടുകാർ സംഭാവന നൽകിയ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ളവയാണ്. പ്രദേശവാസികൾ പണിതുകൊടുത്ത കെട്ടിടങ്ങളാണ് അധികവും.

ഭാര്യയുടെ പേരിലുള്ള വീട്ടിലാണ് വിവാഹശേഷം ഭർത്താവ് താമസിക്കുക. ഇതിനാൽ തന്നെ കുടുംബകലഹങ്ങൾ കുറവാണ്. വിവാവ മോചനം ഇല്ലെന്നു തന്നെ പറയാം. ബഹുഭാര്യത്വം സ്വീകരിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. ഇസ്ലാമിനെ ഉപരിപ്ലവമായി ഉൾകൊണ്ടവരല്ല കായൽപട്ടിണ നിവാസികൾ. ഖുർആൻ്റെ ഉൺമ അന്തരാർത്ഥത്തിൽ സ്വയത്തമാക്കിയവരാണവർ. തീവ്രചിന്തയോ പരുഷ സമീപനങ്ങളോ അവരിൽ കാണാനാവില്ല. വാക്കിലും പ്രവൃത്തിയിലും മിതത്വം പുലർത്തുന്ന സംസ്കാര സമ്പന്നർ. സൂഫീ പാരമ്പര്യം വിശ്വാസത്തിലും പെരുമാറ്റത്തിലും സ്വാംശീകരിച്ച ജനങ്ങൾ. അതുകൊണ്ടുതന്നെ സഹോദര മതസ്ഥരുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണ് കായൽപട്ടിണക്കാർക്കുള്ളത്.

ആയിരം വർഷങ്ങൾക്ക് മുമ്പാണ് കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിനുശേഷം ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിംപള്ളി കായൽപട്ടിണത്തിൽ നിർമ്മിച്ചത്. 'കർപ്പുടയാർ മസ്ജിദ്' എന്നാണ് ഇതറിയപ്പെടുന്നത്. പൗരാണികർ നമസ്കരിച്ച സ്ഥലത്ത് പിൽകാലത്ത് പണിത ചെറിയ കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രാചീന തുറമുറഖത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട് കടൽ തീരത്ത്. ഞങ്ങൾ ആ തിരുശേഷിപ്പുകൾ നേരിട്ട് കണ്ടു. പൗരാണിക തച്ചുശാസ്ത്ര രീതിയിൽ നിർമ്മിച്ച 'ഖുതുബ പെരിയപള്ളി' ആകർഷക കാഴ്ചകളിൽ ഒന്നാണ്. AD 843-ൽ മുഹമ്മദ് ഖൽജി നിർമ്മിച്ചതെന്നാണ് മസ്ജിദിൻ്റെ മുൻവശത്ത് കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സുൽത്താൻ ജമാലുദ്ദീൻ പള്ളി പുതുക്കിപ്പണിയാൻ ആരംഭിച്ചു. നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. സുൽത്താൻ്റെ പിൻമുറക്കാരാണ് പള്ളിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്. പള്ളിയുടെ അകത്തളം തൂണുകൾ കൊണ്ട് നിറഞ്ഞതിനാൽ കുടുസ്സാണ്. അവിടെ വെച്ചാണ് ഒരു നേരത്തെ നമസ്കാരം ഞങ്ങൾ നിർവ്വഹിച്ചത്. കരിങ്കൽ തൂണുകളും കൊത്തുപണികളും കൊണ്ട് സമൃദ്ധമായ പുരാതന മസ്ജിദ് പകർന്ന ചാരുത അനിർവചനീയമാണ്.

കായൽപട്ടിണത്തിനടുത്താണ് തമിഴ്നാട്ടിലെ പ്രശസ്തമായ ആറാമത്തെ ക്ഷേത്രമായ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്ങോട്ടുള്ള യാത്രാമദ്ധ്യെയാണ് വീരപാണ്ഡ്യൻ പട്ടിണത്തെ പുരാതന ക്രൈസ്തവ ദേവാലയമായ സെൻ്റ് തോമസ് കത്തീഡ്രലിൽ കയറിയത്. പോർച്ചുഗീസുകാർ നിർമ്മിച്ച ചർച്ച് റോമൻ വാസ്തുവിദ്യയുടെ സൗന്ദര്യം മുഴുവൻ പേറിയാണ് തല ഉയർത്തി നിൽക്കുന്നത്. ചർച്ചിനുള്ളിൽ കയറി വിശാലമായ പ്രാർത്ഥനാ ഹാളിൻ്റെ ഗാംഭീര്യം അൽഭുതത്തോടെ നോക്കിനിന്നു. അവിടെ നിന്നിറങ്ങി നേരെ മുരുകൻ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. നട്ടുച്ച നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്. കത്തുന്ന സൂര്യനെ വകവെക്കാതെ ഭക്തർ കടലോരത്ത് ധാരാളം നിൽക്കുന്നത് കണ്ടു. ദർശനത്തിനെത്തിയവരുടെ തിരക്ക് കാരണം മുരുകൻ ക്ഷേത്രത്തിനടുത്ത് നന്നേ പ്രയാസപ്പെട്ടാണ് എത്തിയത്. ബംഗാൾ ഉൾക്കടലിലേക്ക് തള്ളിനിൽക്കുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന വിശ്വാസികൾ പാപങ്ങൾ കഴുകിക്കളയാൻ കടലിൽ മുങ്ങിക്കുളിക്കുന്നത് കാണാം. സ്ത്രീകളും കുട്ടികളും യുവാക്കളും യുവതികളും പ്രായമായവരുമെല്ലാം കൂട്ടത്തിലുണ്ട്.

മുരുകൻ ക്ഷേത്രത്തിന് പല ആരാധനാലയങ്ങൾക്കെന്ന പോലെ മതമൈത്രിയുടെ ത്രസിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. ഒരിക്കൽ ക്ഷേത്രത്തിലെ വിഗ്രഹം കളവുപോയി. കള്ളൻമാർ അത് ശ്രീലങ്കയിലേക്ക് കടത്തിയതായി വിവരം കിട്ടി. ക്ഷേത്ര നടത്തിപ്പുകാർ വിഗ്രഹം വീണ്ടെടുക്കാൻ ശ്രീലങ്കയിൽ ബിസിനസ് ചെയ്തിരുന്ന കായൽപട്ടിണം സ്വദേശികളായ മുസ്ലിങ്ങളുടെ സഹായം തേടി. ഹൈന്ദവ സഹോദരർ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി അവർ നിർവ്വഹിച്ചു. വിഗ്രഹം മോഷ്ടാക്കളിൽ നിന്ന് വീണ്ടെടുത്ത് ശ്രീലങ്കയിലെ കായൽപട്ടിണക്കാർ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചു. വലിയ ആദരവോടും ആഘോഷത്തോടും കൂടിയാണത്രെ പുനപ്രതിഷ്ഠ നടന്നത്. തമിഴ്നാട്ടിൽ ഉടനീളം നിലനിൽക്കുന്ന ഹിന്ദു-മുസ്ലിം-ക്രൈസ്തവ ഐക്യത്തിൻ്റെ നിദാനം ഇതുപോലുള്ള സംഭവങ്ങളാണെന്ന് കരുതുന്നതിൽ തെറ്റില്ല. ഇത് കെട്ടുകഥയല്ല. ക്ഷേത്രത്തിനകത്തെ റെക്കോർഡുകളിൽ പ്രസ്തുത സംഭവം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അങ്ങിനെ മതമൈത്രിയുടെ വിളനിലമായും കായൽപട്ടിണം തമിഴകത്ത് പ്രശസ്തിയാർജ്ജിച്ചു.

ഓരോ വിശ്വാസ ധാരക്കാരും അൻപത് ശതമാനമെങ്കിലും വേദഗ്രന്ഥങ്ങളുടെ അനുശാസനകൾക്ക് അനുസൃതമായി ജീവിക്കാൻ മനസ്സുവെച്ചാൽ ഒരുപാട് കായൽപട്ടിണങ്ങൾ നമുക്ക് രാജ്യത്തുടനീളം നിർമ്മിക്കാനാകും. മതജാതി വൈജാത്യങ്ങൾക്കപ്പുറം മനുഷ്യനെ കാണുന്ന നല്ല വിശ്വാസികളുടെ നാടായി നമ്മുടെ ദേശത്തെയും നമുക്ക് പരിവർത്തിപ്പിക്കാൻ കഴിയും. സഫലമായ ഒരു യാത്രയുടെ മധുരിക്കുന്ന ഓർമ്മകളുമായി ഉച്ച തിരിഞ്ഞ് 2.30-ന് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. പാലക്കാട്ടു നിന്ന് രാത്രിഭക്ഷണവും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം രാത്രി 10.30. കായൽപട്ടിണത്തുകാർ സ്നേഹത്തോടെ സമ്മാനിച്ച മധുരപലഹാരങ്ങൾ അഞ്ചായി പങ്കിട്ടെടുത്ത് ഞങ്ങൾ പിരിഞ്ഞു. ആ മധുരത്തിന് എന്തൊരു മധുരമായിരുന്നെന്നോ!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top