കോഴിക്കോട്> കാടും മലയും അരുവിയും തൊട്ടുള്ള ഉല്ലാസയാത്രയിലൂടെ കെഎസ്‌ആർടിസിക്ക് അഞ്ചുമാസത്തിനിടെ അധികവരുമാനം രണ്ട് കോടിയോളം രൂപ.
ഇന്ധനവിലയുടെ പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽന്ന് 48 വാരാന്ത്യട്രിപ്പുകളും രണ്ട് തീർഥാടനയാത്രകളും 14 പ്രത്യേക പാക്കേജുകളും മുടങ്ങാതെ നടത്തുന്നുണ്ട്.
ബജറ്റ് ടൂർ പാക്കേജിൽ അഞ്ചുമാസത്തിനിടെ വിവിധ സർവീസുകളിൽനിന്നായി 1,96,62,872 രൂപയാണ് വരുമാനം. 2021 നവംബർ ഒന്നുമുതലാണ് ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിൽ പദ്ധതി തുടങ്ങിയത്. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കായിരുന്നു ആദ്യയാത്ര. പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിച്ച പാക്കേജ് വൻ വിജയമായതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ടൂറിസം, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രാത്രിയാത്ര ഉൾപ്പെടെയുള്ള ബജറ്റ് ടൂർ പാക്കേജ്.
വിവിധ ജില്ലകളിലെ ഡിപ്പോകളിൽനിന്ന് ആഴ്ചയിൽ 16 ബസ് എന്ന നിലയിലാണ് മലക്കപ്പാറയ്ക്ക് ട്രിപ്പ് നടത്തുന്നത്. വരുമാനത്തിൽ ഒന്നാം സ്ഥാനം ഈ ട്രിപ്പിനാണ്.
വനിതാദിനത്തിൽ സ്ത്രീകൾക്കുമാത്രമായി എട്ട് പ്രത്യേക സർവീസുകൾ നടത്തിയും കെഎസ്‌ആർടിസി ചരിത്രം സൃഷ്ടിച്ചു. മാർച്ച് എട്ടുമുതൽ 13 വരെ നടത്തിയ വുമൺസ് ട്രാവൽ വീക്കിൽ 4500 വനിതകൾ യാത്രചെയ്തു. 763 ട്രിപ്പുകളിലായി 36,749 യാത്രക്കാർ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് ബജറ്റ് ടൂർ പാക്കേജിലാണ്. ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, കോട്ടയം, മലപ്പുറം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, മാവേലിക്കര, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് വാരാന്ത്യ സർവീസുകൾ.
മൂന്നാറിലേക്കുള്ള മലപ്പുറം ഡിപ്പോയുടെ സർവീസാണ് വരുമാനത്തിൽ രണ്ടാം സ്ഥാനത്ത്. കോതമംഗലം -മൂന്നാർ ജങ്കിൾ സഫാരി സർവീസിനാണ് മൂന്നാംസ്ഥാനം.
വേനലവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ മലബാർ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള കൂടുതൽ പാക്കേജുകൾ നടപ്പാക്കാനൊരുങ്ങുകയാണ്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസുകൾ തുടങ്ങാനും ആലോചനയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..