17 September Tuesday
കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് മുള്ളൂർക്കരയിലെ വെള്ളച്ചാട്ടം

സഞ്ചാരികളുടെ മനം കവർന്ന്‌ മാളിയേക്കൽ വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മുള്ളൂർക്കര > കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് മുള്ളൂർക്കരയിലെ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. മഴക്കാലമായാൽ പ്രകൃതിയൊരുക്കുന്ന മതിവരാ കാഴ്ചകൾ തേടി ഇതര ജില്ലകളിൽ നിന്നുവരെ ഇവിടേക്ക് സഞ്ചാരികളെത്തും. മുള്ളൂർക്കര 14-ാം വാർഡ് കണ്ണംപാറ കുളമ്പ് റോഡിൽ പഞ്ചായത്തിൻ്റെ പുറമ്പോക്ക് ഭൂമിയിൽ ആണ് മാളിയേക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.



ജൂൺ മാസത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നതോടെയാണ് ഇവിടെ വെള്ളം  നിറഞ്ഞൊഴുകുന്നത്. ദിനം പ്രതി ജില്ലക്കകത്തും പുറത്തു നിന്നുമായി നൂറുകണക്കിന് വിനോദ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. അകമല കാട്ടിൽ നിന്നാണ് മാളിയേക്കൽ വെള്ളച്ചാട്ടത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. വേനലിൽ വെള്ളച്ചാട്ടത്തിനുമുകളിലായുള്ള ചിറയിലെ വെള്ളം കാർഷിക ജലസേചനത്തിനും മറ്റും ഉപയോഗിക്കാറുണ്ട്.  

മഴക്കാല ടൂറിസത്തിൻ്റെ സാധ്യതകൾ ഇവിടെ പ്രയോജനപ്പെടുത്തി ഒരു പദ്ധതി രൂപീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത മഴക്കാലത്തിനുമുമ്പ് മാളിയേക്കൽ വെള്ളച്ചാട്ടത്തെ കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ എന്നിവർ പറഞ്ഞു.

തൃശ്ശൂർ ഭാഗത്തുനിന്നും വരുന്നവർക്ക് അകമല റെയിൽവേ  മേൽപ്പാലത്തിനു മുമ്പുള്ള ഇടത്തോട്ടുള്ള റോഡിലൂടെയും, ഷൊർണ്ണൂർ ഭാഗത്തുനിന്നു വരുന്നവർക്ക് മുള്ളൂർക്കര സെൻ്ററിൽ നിന്ന് ഇരുനിലം കോട് റോഡ് വഴിയും ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top