ഇടുക്കി > മഞ്ഞുകാലത്തിന്റെ വരവറിയിച്ച് കോടമഞ്ഞും തണുപ്പൻ കാഴ്‌ചകളുമെത്തിത്തുടങ്ങിയതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിലെ ഉള്ളുതണുപ്പിക്കുന്ന ‘കൂൾ’കാലാവസ്ഥ തന്നെയാണ് ഹൈലൈറ്റ്. നവംബറായതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്.
ഡിടിപിസിയുടെ കണക്കനുസരിച്ച് കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ എട്ടുവരെ തീയതികളിലായി വാഗമൺ മൊട്ടക്കുന്നിൽ 26,009 സഞ്ചാരികളാണ് എത്തിയത്. അതേ സമയം വാഗമണ്ണിലെ സാഹസിക ഉദ്യാനം(അഡ്വഞ്ചർ പാർക്ക്) സന്ദർശിച്ചവരുടെ എണ്ണം 27,749 ആണ്. ശനിയാഴ്‌ചമാത്രം സാഹസിക ഉദ്യാനത്തിൽ 7072 സഞ്ചാരികളും മൊട്ടക്കുന്നിൽ 7030 പേരും എത്തി.
ചില്ലുപാലം
മുഖ്യ ആകർഷണം
സാഹസിക സഞ്ചാരികൾക്കും കുടുംബങ്ങൾക്കുമെല്ലാം ഇഷ്‌ടപ്പെട്ട കേന്ദ്രമാണ് സാഹസിക ഉദ്യാനത്തിലെ ചില്ലുപാലം. ദിവസേന ചില്ലുപാലത്തിൽ കയറാനായിമാത്രം നിരവധിപ്പേരാണെത്തുന്നത്. ഇവിടെനിന്ന് നോക്കിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാനാകും. 120 അടി നീളത്തിലുള്ള ചില്ലുപാലത്തിൽ ഒരേസമയം 15 പേർക്ക് കയറാം. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, പാരാ ഗ്ലൈഡിങ്, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.
കാഴ്‌ചകളേറെ
മൊട്ടക്കുന്നിനും ഉദ്യാനത്തിനും പുറമേ നിരവധി കാഴ്‌ചകൾകൊണ്ട് സമ്പന്നമായ മേഖലയാണ് വാഗമൺ. ഒന്നരകിലോമീറ്ററോളം നീണ്ടുകിടക്കുന്ന തങ്ങൾപാറയും പൈൻമരക്കാടും തടാകവും പാലൊഴുകുംപാറ വെള്ളച്ചാട്ടവും പ്രകൃതി നടത്തത്തിന് പറ്റിയ ധാരാളം ഇടങ്ങളും പ്രദേശത്തുണ്ട്. സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് ഇവിടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..