മണ്ണാർക്കാട് > അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടമലനിരകളുടെ സുന്ദരക്കാഴ്ച. വിസ്മയിപ്പിക്കുന്ന കേരളമേട് വ്യൂ പോയിന്റ്. കാഴ്ചകളേറെയാണ്, എന്നാൽ അടുത്ത യാത്ര ശിരുവാണിക്കായാലോ. സന്ദർശകർക്ക് അനുമതി നൽകിയതോടെ ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിൽ അനുഭവപ്പെടുന്നത് വൻതിരക്ക്. ഒരുമാസത്തിനിടെ 1479 പേരാണ് ഇവിടെയെത്തിയത്. ആകെ ഏഴുലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. അവധി ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെത്തുന്നു. വിവിധ ജില്ലകളിൽനിന്നുള്ളവരെക്കൂടാതെ തമിഴ്‌നാട്ടിൽനിന്നും സഞ്ചാരികളെത്തി.
കാടിനുള്ളിലൂടെയുള്ള ട്രക്കിങ്ങാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഗൈഡിന്റെ സഹായത്തോടെയാണ് 21 കിലോമീറ്റർ ദൂരത്തിൽ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള ഈ യാത്ര. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. പാലക്കയം ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽനിന്ന് സന്ദർശകർ പാസെടുക്കണം. അഞ്ച് സീറ്റ്‌വരെയുള്ള വാഹനങ്ങൾക്ക് 2000 രൂപ, ഏഴ് സീറ്റ്‌വരെയുള്ള വാഹനങ്ങൾക്ക് 3000, 12 സീറ്റ്‌വരെയുള്ള വാഹനങ്ങൾക്ക് 5000, 13 മുതൽ 17 സീറ്റ്‌വരെയുള്ള വാഹനങ്ങൾക്ക് 6500 രൂപയുമാണ് ഫീസ്.
രാവിലെ ഒമ്പത്, പകൽ 12, 2.30 എന്നീ സമയങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. ഇക്കോടൂറിസം പുനരാരംഭിച്ചത് ശിങ്കപ്പാറയിലെ ഗോത്രവർഗക്കാർക്ക് ഉപജീവനത്തിനും പുതിയവഴിയായി. ഗോത്രഗ്രാമത്തിലെ അഞ്ചോളംപേരെ ഗൈഡായി നിയോഗിച്ചിട്ടുണ്ട്. സന്ദർശകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ഗൈഡുമാരെ നിയോഗിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..