പാലക്കാട്
ട്രെയിനിലെ തിരക്ക് കുറയ്‌ക്കാൻ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ സമയത്തിൽ മാറ്റം വരുത്തണമെന്ന് പാലക്കാട് അസി. റെയിൽവേ ഡിവിഷൻ മാനേജർ കെ അനിൽകുമാർ. രാവിലെയും വൈകിട്ടുമുള്ള തിരക്ക് കുറയ്ക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു വിചിത്ര മറുപടി. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിലാണ് രാവിലെയും വൈകിട്ടും തിരക്ക് കൂടുതലെന്നും അതിനാൽ ഓഫീസ് സമയം മാറ്റാൻ സംസ്ഥാന സർക്കാരിന് മുന്നിൽ നിർദേശം വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷൊർണൂർ – കണ്ണൂർ പാസഞ്ചർ സർവീസ് തുടങ്ങിയെങ്കിലും മലബാറിന്റെ യാത്രാദുരിതത്തിന് പരിഹാരമായില്ല. തൃത്താല നിയമസഭാ മണ്ഡലത്തിലുൾപ്പെട്ട ഏക സ്‌റ്റോപ്പായ പള്ളിപ്പുറം ഒഴിവാക്കിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആഴ്‌ചയിൽ നാലുദിവസം മാത്രം സർവീസ് നടത്തുന്ന ട്രെയിൻ ഏഴുദിവസമാക്കി കാസർകോടുവരെ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോഴിക്കോട് പാസഞ്ചർ ഷൊർണൂർവരെ ദീർഘിപ്പിക്കണമെന്നും ആവശ്യമുണ്ട്. ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടത്താതെ നീട്ടാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ വാദം. യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ട് ഡിവിഷനിലും മതിയായ പരിഗണനയോ പൊതുവായ നിർദേശങ്ങളോ ഇല്ലെന്നതാണ് വസ്‌തുത
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..