അതിജീവിക്കും, നാടിന്റെ കൂട്ടായ്‌മ; ഉയിർത്തെഴുന്നേൽപ്പിന്റെ മഹനീയ മാതൃക

Thursday Aug 1, 2024


നൂറ്റാണ്ടിലെ മഹാദുരന്തം, സമാനതകളില്ലാത്ത ജീവഹാനി, കിടപ്പാടവും ജീവനോപാധികളും ആയുഷ്‌കാല സമ്പാദ്യവുമെല്ലാം ചേറിലും മണ്ണിലും അമർന്ന്‌ നിരാലംബരായവർ. ഇവിടെയും തളരാതെ, പതറാതെ ഉയിർത്തെഴുന്നേൽപ്പിന്റെ മഹനീയ മാതൃക തീർക്കുകയാണ്‌ നാടൊന്നാകെ. രണ്ട്‌ ഗ്രാമങ്ങളെയപ്പാടെ വിഴുങ്ങിയ മലവെള്ളപ്പാച്ചിലിന്റെ വിവരം ലഭിച്ച ആദ്യമണിക്കൂറുകളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം കനത്ത മഴയെയും കാറ്റിനെയും കോടമഞ്ഞിനെയും ഇരുട്ടിനെയും കൂസാതെ വിശ്രമമില്ലാത്ത  48 മണിക്കൂർ പിന്നിട്ടു. ഒരു വശത്ത്‌ മന്ത്രിമാരുടെ നേതൃത്വത്തിൽ സർക്കാർ സംവിധാനം, മറുവശത്ത്‌ സന്നദ്ധപ്രവർത്തകരും നാട്ടുകാരും അടങ്ങുന്ന വളണ്ടിയർമാർ. ഏത്‌ പ്രതിസന്ധിക്ക്‌ മുന്നിലും ഏകമനസ്സായി രക്ഷാപ്രവർത്തനങ്ങൾക്കും നാടിന്റെ പുനർനിർമാണത്തിനും കൈകോർക്കുന്ന മഹദ്‌സന്ദേശത്തിന്റെ സാക്ഷ്യപത്രമായി പഴുതുകളില്ലാത്ത നാടിന്റെ കൂട്ടായ്‌മ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല  ഗ്രാമങ്ങൾ ചേറിലും വെള്ളത്തിലും ഒലിച്ചില്ലാതായപ്പോൾ മരവിച്ചിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ  നേർസാക്ഷ്യം.

പൊലീസ്, അഗ്നിശമന സേനാവിഭാഗം, ആരോഗ്യപ്രവർത്തകർ, വൈദ്യുതി ജീവനക്കാർ, റവന്യൂ ജീവനക്കാർ എന്നിങ്ങനെ സർക്കാർ സംവിധാനമാകെ ഒരു ചരടിൽ കോർത്തു. കേന്ദ്ര സേന, ദുരന്തനിവാരണ സേന, അർധസൈനിക വിഭാഗം, തീരദേശ സേന എന്നിങ്ങനെ എല്ലാ രക്ഷാസംവിധാനത്തെയും ഏകോപിച്ചുകൊണ്ട്‌ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു.

ദുരന്തത്തിന്റെ ആദ്യനാൾ കണ്ടെത്തിയ 116 മൃതദേഹങ്ങൾ മണിക്കൂറുകൾക്കകമാണ്‌ പോസ്‌റ്റ്‌മോർട്ടം നടത്തിയത്‌. മദ്രസകളും പള്ളികളും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളുമാക്കി. അപകടത്തിൽനിന്നും രക്ഷപ്പെട്ട്‌ എത്തിയവർക്ക്‌ സെക്കൻഡുകളുടെ വിളംബം പോലുമില്ലാത്ത  ചികിൽസ. ജീവഹാനിയുടെ എണ്ണം കുറക്കാൻ പഴുതുകളേതുമില്ലാതെ അരിച്ചുപെറുക്കിയുള്ള തെരച്ചിലുകൾ നടക്കുന്നു.

മൂന്ന്‌ ക്യാമ്പുകളിലായി കഴിയുന്നവർക്ക്‌ വെള്ളവും ഭക്ഷണവും  വസ്‌ത്രവും ഉൾപ്പെടെ ലഭ്യമാക്കി. രക്ഷാപ്രവർത്തകർക്ക്‌ ആവശ്യമായ പശ്‌ചാത്തല സൗകര്യമൊരുക്കി. അവർക്കുള്ള ഭക്ഷണവും വെള്ളവും അതാത്‌ സമയമെത്തിക്കുന്നു.  വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച്  ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കി