Places of worship became rehabilitation centres

ദുരിതാശ്വാസ കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ

Thursday Aug 1, 2024

മേപ്പാടി> ദുരിതാശ്വാസ കേന്ദ്രങ്ങളായി ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത്‌ ഉരുൾപൊട്ടിയപ്പോൾ ആളുകൾക്ക്‌ ആദ്യം അഭയകേന്ദ്രമായത്‌ ചൂരൽമലയിലെ ജുമാമസ്‌ജിദും മദ്രസയും സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ദേവാലയവും. ചൊവ്വ രാവിലെ മുതൽ മദ്രസയിലും പള്ളിയിലും ആളുകൾ നിറഞ്ഞു. മസ്‌ജിദിന്റെ വരാന്തയും സമീപത്തെ ഷെഡുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കുകയാണ്‌. ഭക്ഷണം നൽകുന്നതും ഇവിടെയാണ്‌.

ദുരിതബാധിതരെ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ദേവാലയത്തിൽനിന്ന്‌ മേപ്പാടിയിലെ ക്യാമ്പിലേക്ക്‌ മാറ്റിയതോടെ പള്ളി രക്ഷാപ്രവർത്തകർക്ക്‌ വിട്ടുനൽകി. മേപ്പാടി നെല്ലിമുണ്ടയിലെ അമ്പലം ഹാൾ ദുരിതാശ്വാസ ക്യാമ്പാണ്‌. മൂന്ന്‌ കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചു. ചുണ്ടക്കര സൺഡേ സ്‌കൂളിലും ചേര്യംകൊല്ലി ചുള്ളിയാന ഗുഡ്‌സ്‌ ഷെപ്പേർഡ്‌ ദേവാലയത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചുണ്ടക്കരയിൽ 21 കുടുംബവും ചുള്ളിയാനയിൽ ആറ്‌ കുടുംബവുമാണുള്ളത്‌.