കൂട്ടച്ചിതകൾ, കുഴിമാടങ്ങൾ ; മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ
Thursday Aug 1, 2024
ചൂരൽമല> ജനിച്ചുവളർന്ന മണ്ണ് കവർന്ന ജീവനുകൾക്ക് കൂട്ടച്ചിതയൊരുങ്ങിയത് മേപ്പാടി പൊതുശ്‌മശാനത്തിൽ. മുണ്ടക്കൈയും ചൂരൽമലയും ഒറ്റപ്പെട്ടതിനാൽ മൃതദേഹം വീടുകളിലെത്തിക്കുക അസാധ്യം. ചില വീടുകൾ നിശ്ശേഷം ഉരുളെടുത്തതിനാൽ സ്വന്തംവീട്ടിൽ അന്ത്യോപചാരം ആലോചിക്കാൻ പോലുമായില്ല. പോസ്‌റ്റുമോർട്ടം കഴിഞ്ഞ് ബുധൻ രാത്രി ഏഴുവരെ വിട്ടുകിട്ടിയ 96 മൃതദേഹങ്ങളാണ് മേപ്പാടി പൊതുശ്‌മശാനത്തിലും മുസ്ലിംപള്ളികളിലെ കബറിടങ്ങളിലുമായി കൂട്ടത്തോടെ സംസ്‌കരിച്ചത്.
മേപ്പാടി, നെല്ലിമുണ്ട, നെടുങ്കരണ, കാപ്പംകൊല്ലി, താഞ്ഞിലോട് ജുമാമസ്‌ജിദുകളിൽ 60 പേർക്ക് അടുത്തടുത്ത് കബറിടം ഒരുങ്ങി. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി 36 മൃതദേഹങ്ങൾക്കാണ് മേപ്പാടി പൊതുശ്‌മശാനത്തിൽ ചിതയൊരുക്കിയത്. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ചിതയൊരുക്കൽ. പാചകവാതകവും വിറകും ഉപയോഗിച്ച് നിരനിരയായി സജ്ജമാക്കി. ചൊവ്വ പുലർച്ചെവരെ 13ഉം ബുധൻ രാത്രി ഏഴുവരെ 23ഉം മൃതദേഹങ്ങൾ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചൂരൽമല സെന്റ് സെബാസ്‌റ്റ്യൻസ് ചർച്ച് പള്ളി സെമിത്തേരിയിൽ ഒരാളെയും സംസ്‌കരിച്ചു.