"സ്‌നേഹിക്കാൻ മാത്രം അറിയുന്നോര്, അവരാ പോയത്'
Thursday Aug 1, 2024
ചൂരൽമല> ‘ഉമ്മയും ഉപ്പയും ഇളയ അനിയനുമടങ്ങുന്നവർ ജീവനോടെയുണ്ടോയെന്ന് അറിയില്ല. വീടും നാടുമെല്ലാം മണ്ണിനടിയിലാണ്. പെരുന്നാളുകൂടി സന്തോഷത്തോടെ പോയി മടങ്ങിയെത്തുമ്പോൾ ഇങ്ങനെയാകുമെന്ന് കരുതിയില്ല’–- എല്ലാം നഷ്‌ടമായെന്ന തിരിച്ചറിവിൽ ഹൃദയംപിളർത്തുന്ന വിങ്ങൽ ഉള്ളിലൊതുക്കുകയാണ് മുണ്ടക്കൈ കുന്നനാത്ത് സഫാദ്.
‘തൃശൂരിൽ ജോലിയായശേഷം ആഘോഷങ്ങൾക്ക് മാത്രമാണ് നാട്ടിലെത്തിയിരുന്നത്. ഇത്തവണ അത് ഉറ്റവർ ജീവനോടെയുണ്ടോ എന്നറിയാനായിപ്പോയി. സ്‌നേഹിക്കാൻ മാത്രം അറിയുന്നവരാണ് ഇവിടെയുള്ളോര്. ആ നാട് ഇന്നില്ലെന്ന് ഉൾക്കൊള്ളാനാകുന്നില്ല’–- സഫാദിന്റെ വാക്കിൽ സങ്കടം. ഉരുൾപൊട്ടിയ രാത്രി എട്ടരയ്‌ക്ക് സഫാദ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഉപ്പ ഹംസയും ഉമ്മ ജുമൈലയും എട്ടുവയസുകാരനായ അനിയൻ ഹസിൻ മുഹമ്മദും സുരക്ഷിതരാണെന്നാണ് അറിയിച്ചത്.
വൈദ്യുതിയില്ലെന്നതല്ലാതെ മറ്റു കുഴപ്പമൊന്നുമില്ലായിരുന്നു. ‘ഉറക്കത്തിലായിരിക്കും അവരെല്ലാം പോയത്. ശാന്തമായ കാട്ടരുവി പ്രളയക്കുത്തൊഴുക്കായി മറിയത് അറിഞ്ഞുകാണില്ല’–- ദീർഘനിശ്വാസത്തോടെ സഫാദ് പറഞ്ഞു.
സഫാദ് ഉൾപ്പെടെ നാലു മക്കളാണ് ഹംസ–-ജുമൈല ദമ്പതികൾക്ക്. കശ്‌മീരിലുള്ള മകൻ ഹർഷിദ് വെെകാതെ നാട്ടിലെത്തും. കൽപ്പറ്റയിൽ താമസിക്കുന്ന ഫസീലയും മേപ്പാടി റിപ്പണിലുള്ള മുഫസിലയുമാണ് മറ്റുമക്കൾ. രണ്ടുദിവസമായി മുണ്ടക്കൈയിൽ തുടരുകയാണ് സഫാദ്. മണ്ണിൽനിന്ന് പുറത്തെടുക്കുന്നവരെ തിരിച്ചറിയാൻ സഹായിക്കുകയാണ്. സഫാദിന്റേത് ഉൾപ്പെടെ സമീപത്തെ 15 ലധികം വീടുകളാണ് മണ്ണിനടിയിലുള്ളത്.