The people were only know love: Unnikrishnan

സ്‌നേഹിക്കാൻ മാത്രം അറിയാമായിരുന്ന മനുഷ്യരായിരുന്നു ; ഉള്ളുലഞ്ഞ്‌ ഉണ്ണിക്കൃഷ്‌ണൻ

Thursday Aug 1, 2024

ആലപ്പുഴ> ‘ഇത്രയും സുന്ദരമായ  നാട്‌ വേറെ എവിടെയുമില്ല. ഇത്രയും നല്ലൊരു വിദ്യാലയവുമില്ല. ഓരോ ദിവസവും ഉത്സവമായിരുന്നവിടെ. ചെയ്യുന്നത്‌ ജോലിയായിട്ട്‌ തോന്നിയിട്ടില്ല. സ്‌കൂളുമായിട്ട്‌ ഇത്രയും സഹകരിക്കുന്ന രക്ഷിതാക്കൾ മറ്റൊരിടത്തും കാണില്ല. സ്‌കൂൾ അവർക്ക്‌ ജീവനായിരുന്നു. വാർഷികത്തിന്‌ പോലും അങ്ങാടി വരെ ആളായിരുന്നു.’ –-  ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിലെ വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ മലയാളം അധ്യാപകനായ അമ്പലപ്പുഴ സ്വദേശി വി  ഉണ്ണിക്കൃഷ്‌ണൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. അമ്മയുടെ സഹോദരി  മരിച്ചതുകൊണ്ട്‌ ശനിയാഴ്ച  ഉണ്ണിക്കൃഷ്‌ണൻ അമ്പലപ്പുഴയ്‌ക്ക്‌ മടങ്ങിയിരുന്നു. അതുകൊണ്ട്‌ ദുരന്തത്തിൽപ്പെട്ടില്ല.

ചൂരൽമലയിൽ മടങ്ങിയെത്തി പ്രിയപ്പെട്ട വിദ്യാർഥികളെ തേടി ക്യാമ്പുകൾ തോറും കയറിയിറങ്ങുകയാണ്‌ ഈ അധ്യാപകൻ.  മക്കളെ കാണുന്നില്ലെന്ന്‌ വിലപിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. ‘ സ്‌നേഹിക്കാൻ മാത്രം അറിയാമായിരുന്ന മനുഷ്യരായിരുന്നു ചൂരൽമലയിലുണ്ടായിരുന്നവർ.  എല്ലാവരെയും നേരിട്ടറിയാമായിരുന്നു. ഉള്ളുലഞ്ഞുപോയി’ അദ്ദേഹം പറഞ്ഞു. 2006ൽ ആദ്യമായി അധ്യാപക ജോലി ലഭിച്ചത്‌ വെള്ളാർമലയിലായിരുന്നു.  പിന്നെ  അമ്പലപ്പുഴയിലേക്ക്‌ തിരിച്ചു പോയില്ല. സ്‌കൂളിന്റെ അടുത്ത്‌ ചെറിയ ഷെഡിലായിരുന്നു  താമസം.

‘രണ്ടാഴ്‌ചയായി കനത്ത മഴയായിരുന്നു. അതുകൊണ്ട്‌  ഒരാഴ്‌ചയായി സ്‌കൂളിലാണ്‌ താമസിച്ചത്‌. മഴയുടെ ശക്തി കൂടിയത്‌ കണ്ട്‌ അനീഷ്‌ എന്ന അധ്യാപകനാണ്‌ സ്‌കൂളിൽ നിന്ന്‌ മാറാമെന്ന്‌  പറഞ്ഞത്‌. അങ്ങനെ അവർ മേപ്പാടിയിലേക്ക്‌ മാറി. അന്ന്‌ രാത്രിയാണ്‌ ഉരുൾ പൊട്ടിയത്‌’ –- ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ആറുവർഷമായി നൂറുശതമാനം വിജയം നേടുന്ന സ്‌കൂളായിരുന്നു വെള്ളാർമല ജിവിഎച്ച്‌എസ്‌എസ്‌. സ്‌കൂളിന്റെ ഇരുനില കെട്ടിടമുള്ളതു കൊണ്ട്‌ മാത്രമാണ്‌ ചൂരൽമല ടൗൺ തുടച്ചുനീക്കപ്പെടാതിരുന്നത്‌. സ്‌ക്കൂളിന്‌ പുറകിലുള്ള വീടുകൾ സുരക്ഷിതമാക്കിയത്‌ ഈ കെട്ടിടമാണ്‌. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്‌കൂളിൽ 26 അധ്യാപകരും 502 വിദ്യാർഥികളുമുണ്ട്‌.