There was my home

'അവിടെയായിരുന്നു എന്റെ വീട്‌, 
ആരെങ്കിലുമുണ്ടോ...’

Thursday Aug 1, 2024

മേപ്പാടി> ‘അതാ അവിടെ, ആ വേലിക്കപ്പുറത്താണ്‌ വീട്‌ നിന്നിരുന്നത്‌. അവിടെ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കോ’... ആ വാക്കുകൾ രക്ഷാപ്രവർത്തകരുടെയും കണ്ണുനിറച്ചു.
തൃശൂരിൽ കോച്ചിങ്‌ സെന്റർ മാനേജരായ മുണ്ടക്കൈ വടക്കേചരുവിൽ ശ്രീജിത്ത്‌ കുമാർ ഉരുൾപൊട്ടലിൽ വീട്‌ തകർന്നതറിഞ്ഞ്‌ ചൊവ്വ രാവിലെ ചൂരൽമലയിലെത്തിയതാണ്‌.  പാലവും റോഡും ഒലിച്ചുപോയതിനാൽ ബുധൻ  രാവിലെയാണ്‌ മുണ്ടക്കൈയിലെത്താനായത്‌. വീടുനിന്നിടത്ത്‌ ചളിക്കളം മാത്രം.
രണ്ടാഴ്‌ച മുമ്പാണ്‌ വീട്ടിൽനിന്ന്‌ പോയത്‌. ദുരന്തസമയത്ത്‌ അമ്മ രുഗ്മിണിയും സഹോദരൻ സജിമോനും സഹോദരിയുടെ മകൾ നന്ദയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇവരെക്കുറിച്ച്‌ വിവരമൊന്നുമില്ല. തൊട്ടുമുന്നിലായിരുന്നു അമ്മയുടെ ചേച്ചിയുടെ വീടും പൂർണമായി തകർന്നു.