Friend's deadbody taken heartbroken
വാരിയെടുത്തു, ജീവനറ്റ കൂട്ടുകാരനെ
Thursday Aug 1, 2024
പാലങ്ങോടൻ ഷെഫീർ
ചൂരൽമല> ഭയാനകശബ്ദംകേട്ടാണ് ചൂരൽമലയിലെ പാലയങ്ങോടൻ ഷെഫീഖ് പുലർച്ചെ ഉണർന്നത്. ഗതിമാറിയെത്തിയ പുഴ സർവതും തകർത്ത് മുറ്റം വരെയെത്തി. കെഎസ്‌ആർടിസി ഡ്രൈവർ ഷെഫീഖ് വെള്ളം പിൻമാറിയശേഷം രക്ഷാപ്രവർത്തനത്തിനിറങ്ങി. വീടിന് താഴെയുള്ള കലുങ്കിൽ മരവും കല്ലും ചെളിയും വന്നടിഞ്ഞിരുന്നു. അതിൽ മൃതദേഹം കണ്ട് ചാടിയിറങ്ങി. മരിച്ചയാളെ വാരിയെടുത്ത് കരയ്‌ക്ക് കയറ്റുമ്പോൾ അയാൾ അറിഞ്ഞില്ല പ്രിയ സുഹൃത്ത് സലാമാണെന്ന്. അറിഞ്ഞ നിമിഷം പൊട്ടിയൊഴുകുന്ന പുഴ അയാളുടെ ഉള്ളിലൂടെ ഇരച്ചാർത്തു. കോരിയെടുത്ത കൈകൾ വിറച്ചു. കഴിഞ്ഞ ദിവസവും സംസാരിച്ചതാണ്. മൂന്ന് കിലോമീറ്റർ അകലെ മുണ്ടെക്കൈയിലുള്ള സുഹൃത്ത് ജീവനറ്റ് സ്വന്തം വീട്ടുമുറ്റത്ത് ഒഴുകിയെത്തിയെന്ന് ഇനിയും വിശ്വസിക്കനായിട്ടില്ല. ഇവിടെനിന്ന് ചൊവ്വാഴ്‌ച മാത്രം നാൽപത് മൃതദേഹം ലഭിച്ചു.