Heartbreaking pictures on road: Wayanad

എന്നും പോകുന്ന വഴികളിൽ ചെളിയും കല്ലും മരങ്ങളും ; പരിചിതവഴികളിൽ കരൾ പിളരും കാഴ്‌ചകൾ

Thursday Aug 1, 2024
മീൻ വിൽപ്പനക്കാരനായ നൗഷാദ് ചൂരൽമലയിൽ

ചൂരൽമല> തകർന്നുപോയ വഴികളിലൂടെ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന്‌ തേടുകയാണ്‌ നൗഷാദ്‌. കാഴ്‌ചകളത്രയും കണ്ണുനനയിക്കുന്നത്‌. എന്നും പോകുന്ന വഴികളിൽ ചെളിയും കല്ലും മരങ്ങളും. വീടുകളുടെ സ്ഥാനത്ത്‌ മൺതിട്ടകൾ. മീൻവിൽപനക്കാരനായ നൗഷാദ്‌ വർഷങ്ങളായി പോകുന്ന വഴിയാണിത്‌. മേപ്പാടിയിൽനിന്ന്‌ ചൂരൽമലവഴി മുണ്ടക്കൈ വരെ സ്ഥിരം റൂട്ടാണ്‌.

നൗഷാദ്‌ ചൊവ്വാഴ്‌ചയും മുണ്ടക്കൈ വരെയെത്തി, ചൂരൽമലയിലെ പരിചയമുള്ളവരുടെ വീട്‌ നിന്നിടത്തുമെല്ലാം പോയി. എന്നാൽ ആ കാഴ്‌ചകൾ ഹൃദയം തകർത്തു. വർഷങ്ങളായുള്ള സുഹൃത്താണ്‌ കെ മുഹമ്മദ്‌. വീടും വീട്ടുകാരെയും അറിയാം. അവിടം ശൂന്യം. മുഹമ്മദിനെയും മകനെയും മാറിമാറി വിളിച്ചുനോക്കി. വെള്ളം ഒഴുകുന്ന ശബ്‌ദം മാത്രം. ചൊവ്വാഴ്‌ച പുഴയിൽ ഒഴുക്കുകുറഞ്ഞ ഭാഗത്തുകൂടി പുഴ കടന്ന്‌ കാട്ടുവഴികളിലൂടെയാണ്‌ നൗഷാദടക്കമുള്ളവർ വൈകീട്ടോടെ മുണ്ടക്കൈയിലെത്തിയത്‌. അവിടെ രക്ഷാപ്രവർത്തകരെ സഹായിച്ചു.

ബുധനാഴ്‌ച മേപ്പാടി സ്‌കൂളിലെ ക്യാമ്പിൽപോയി കുറേപേരെ കണ്ടു. വീണ്ടും ചൂരൽമലയിലെത്തി. ഇനിയും കുറേപ്പേരെ കാണാനുണ്ട്‌. അവരെയെല്ലാം കാണാനാകുമെന്ന പ്രതീക്ഷയിലാണ്‌ നൗഷാദ്‌.