ഉറക്കത്തിലൊഴുകി ജീവിതത്തിലേക്ക്
Thursday Aug 1, 2024
മേപ്പാടി> വേദന തിന്ന് കടന്നുപോയ ആ രാത്രി ഓർക്കാൻ അഭിനവിന് ഭയമാണ്. ഉറക്കത്തിൽ ഞെട്ടിയുണരുമ്പോൾ ഒഴുകുകയാണ്. ഒടുവിൽ തേടിയെത്തിയ അച്ഛൻ ആ പത്താംക്ലാസുകാരന് സമ്മാനിച്ചത് രണ്ടാംജന്മം. അത്ഭുതകരമായി ജീവിതം തിരികെപിടിക്കാനായെങ്കിലും അച്ഛാച്ചനും അച്ഛമ്മയും നഷ്ടമായ വേദന ബാക്കി.
ദുരിതാശ്വാസ ക്യാമ്പായ മേപ്പാടി ഗവ. എച്ച്‌എസ്‌എസിൽ ശരീരമാസകലം മുറിവുകളുമായി അഭിനവ് മരവിപ്പോടെയിരിക്കുമ്പോൾ ആശ്വാസമേകി അധ്യാപകരും സഹപാഠികളുമുണ്ട്. ചൂരൽമല ടൗണിനോട് ചേർന്നാണ് വീട്. അച്ഛാച്ചൻ രാമൻകുട്ടി, അച്ഛമ്മ ലക്ഷ്‌മി, അച്ഛൻ മനോജ്, അമ്മ നികിത, സഹോദരൻ ലക്ഷിത്, മാസങ്ങൾമാത്രം പ്രായമായ സഹോദരി എന്നിവരാണ് വീട്ടിലുണ്ടായത്. ‘മഴയായതിനാൽ നേരത്തെ കിടന്നുറങ്ങി. ഞാൻ കിടന്നമുറിയുടെ എതിർവശത്തായിരുന്നു അച്ഛാച്ചനും അമ്മാമ്മയും കിടന്നിരുന്നത്. ഞെട്ടിയുണരുമ്പോൾ വെള്ളത്തിൽ ഒഴുകുകയാണ്. ആദ്യമൊരിടത്ത് തടഞ്ഞുനിന്നു. പിടിവിട്ട് വീണ്ടും ഒഴുകി. ഇതിനിടെ ഒരിടത്ത് പിടുത്തംകിട്ടി. മേലാകെ വേദനിച്ചു, കുറച്ചുനേരം അവിടെ പിടിച്ചുനിന്നു. അപ്പോഴേക്കും അച്ഛൻ ഓടിയെത്തി കരക്കെത്തിച്ചു’–- രക്തംവാർന്ന മുഖത്ത് വാക്കുകൾ ഇടറുന്നു. കല്ലുകളും മരചില്ലകളും വന്നടിച്ചതിനാൽ കാൽവിരൽമുതൽ മുഖത്തടക്കം മുറിവുകളുണ്ട്. മലവെള്ളം കവർന്ന രാമൻകുട്ടിയെയും ലക്ഷ്‌മിയെയും കണ്ടെത്താനായിട്ടില്ല. വീടിന്റെ പകുതിയോളം വെള്ളമെടുത്തു. മുൻവശത്തെ മുറികളിലായതിനാൽ മറ്റുള്ളവർ രക്ഷപ്പെട്ടത്.