Wayanad tragedy

കൈകോർത്ത്‌ കരുത്തുപകർന്ന്‌ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വളന്റിയർമാർ

Thursday Aug 1, 2024
മുണ്ടേരി വനത്തിൽനിന്ന് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ മൃതദേഹങ്ങൾ ചുമന്നുകൊണ്ടുവരുന്നു

മലപ്പുറം> കൊടുംകാട്ടിലെ ഒറ്റയടിപ്പാതയിലൂടെയാണ്‌ നടത്തം. മുന്നിൽ ആയുധങ്ങളുമായി വഴിതെളിച്ച് രണ്ടുപേർ. പിറകെ തുണിയിൽ പൊതിഞ്ഞ് മരക്കമ്പിൽ ചേർത്തുകെട്ടിയ മൃതദേഹം ചുമന്ന്‌ രണ്ടുപേർ. അതിന്‌ പിന്നിൽ മൂന്നുപേർ. അതിസാഹസികമായാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വളന്റിയർമാർ മൃതദേഹങ്ങൾ പുറംലോകത്ത് എത്തിക്കുന്നത്.

150 പേർ മൂന്ന്‌ സംഘമായി പിരിഞ്ഞാണ്‌  പ്രവർത്തനം.  ഒരുമൃതദേഹവും 13 പേരുടെ അവയവഭാഗങ്ങളും ഉൾക്കാട്ടിൽനിന്ന്‌ പുറത്തെത്തിച്ചു. എടക്കര, വണ്ടൂർ, അരീക്കോട്‌, മഞ്ചേരി ബ്ലോക്കിൽനിന്നുള്ള വളന്റിയർമാർ കുമ്പളപ്പാറ നഗറിനുമുകളിൽ ഒമ്പത് കിലോമീറ്റർ ഉൾക്കാട്ടിലൂടെ സഞ്ചരിച്ചാണ്‌ തിരച്ചിൽ നടത്തുന്നത്‌. ബുധനാഴ്ച രാവിലെയാണ്‌ ദൗത്യവുമായി കാട്ടിനുള്ളിലേക്ക്‌ കയറിയത്. രാവിലെ അഞ്ചിന് പോത്തുകല്ലിൽ കേന്ദ്രീകരിച്ചു. ആറോടെ മുണ്ടേരി ഫാമിലെത്തി. ആദ്യസംഘം ആറോടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി ഷബീറിന്റെ നേതൃത്വത്തിൽ കാട്ടിലേക്ക്. രണ്ടാംസംഘം ആറരയ്ക്കും മൂന്നാംസംഘം ഏഴിനും പുറപ്പെട്ടു.

മരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന പുരുഷന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൃതദേഹങ്ങളും ശരീരഭാഗങ്ങളും വാണിയമ്പുഴ കടവിലെത്തിച്ച്‌ റബർ ഡിങ്കിയിൽ ചാലിയാർ കടത്തി. ‘കൈകൾ, കാലുകൾ, അറ്റുപോയ ശിരസ്സുകൾ കരൾപിടയുന്ന കാഴ്ചകളായിരുന്നു എങ്ങും. ഗ്യാസ് സിലിണ്ടർ, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും പുഴയിൽ പലയിടങ്ങളിലും കിടക്കുന്നുണ്ട്‌ ’–- പി  ഷബീർ പറഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രിയിലും സന്നദ്ധ പ്രവർത്തനത്തിന്‌ നിലമ്പൂർ ബ്ലോക്കിൽനിന്നുള്ള 50 വളന്റിയർമാരുണ്ട്‌.