Wayanad tragedy

രണ്ടുരുൾ എങ്ങും ഇരുൾ, നിലവിളി; കണ്ണീർ ചിത്രമായി മുണ്ടക്കൈ

Thursday Aug 1, 2024

ചൂരൽമല> ആയിരത്തോളംപേർ അധിവസിച്ച നാട്‌ ഒറ്റരാത്രിയിൽ ഇല്ലാതായതിന്റെ കണ്ണീർ ചിത്രമാണ്‌ മുണ്ടക്കൈ. രണ്ട്‌ ഉരുൾപൊട്ടലുകളിലായി സർവതും തകർത്തെറിഞ്ഞ്‌ കുതിച്ചെത്തിയ മലവെള്ളത്തിൽ നിമിഷങ്ങൾക്കുള്ളിൽ ആ ഗ്രാമം മണ്ണിലാണ്ടു. കടകളിലും ആരാധനാലയങ്ങളിലും പാർടി ഓഫീസുകളിലും  സജീവമായിരുന്നവർ നാടിന്റെ വേദനയായി.

ദുരന്തവാർത്ത ചൊവ്വ പുലർച്ചെ എല്ലാവരും അറിഞ്ഞു. അവിടേക്ക്‌ പാലം ഒരുക്കാനായത്‌ വൈകിട്ടോടെ. സൈന്യത്തിന്റെ സഹായത്തോടെ ഒരുക്കിയ താൽക്കാലിക പാലത്തിലൂടെ രക്ഷാപ്രവർത്തകർ മറുകരയിൽ ബുധൻ രാവിലെ എത്തിയപ്പോഴാണ്‌ ദുരന്തചിത്രം പുറംലോകമറിഞ്ഞത്‌. ചൂരൽമലയിൽനിന്ന്‌ മുണ്ടക്കൈയിലേക്ക്‌ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും കയറ്റംകയറിയും മൂന്ന്‌ കിലോമീറ്ററുണ്ട്‌. അങ്ങിങ്ങായി പാടികൾ. മുണ്ടക്കൈ എൽപി സ്കൂൾ, ചുരുക്കം വീടുകൾ. ഇതെല്ലാമാണ്‌ മേപ്പാടിയിലെ മുണ്ടക്കൈ വാർഡ്‌. 900 വോട്ടർമാരുള്ള ഇവിടെ കേടുപറ്റാതെ ഇനി ഏതാനും വീടുകൾമാത്രം.

മുണ്ടക്കൈയിൽനിന്ന്‌ രണ്ടര കിലോമീറ്റർ ഉയരത്തിലുള്ള പുഞ്ചിരിമട്ടത്തിലുണ്ടായ ഉരുൾപൊട്ടൽ ചൂരൽമല പുഴയുടെ ഇരുകരകളെയും കവർന്നു. ശക്തമായ ഒഴുക്കല്ല മുണ്ടക്കൈയ്ക്ക്‌ പരിക്കേൽപ്പിച്ചത്‌, കുത്തിയൊലിച്ചെത്തിയ പുഴവെള്ളവും മണ്ണും കല്ലും പാറക്കെട്ടിൽ ഇടിച്ച്‌ ഗതിമാറി അങ്ങാടിയിലേക്ക്‌ ഇരച്ചുകയറിയതാണ്‌. ഇതോടെ കടകളും പള്ളിയും വീടുകളും പൂർണമായും തകർന്നു.വീടുകളുടെ ചുവരുകൾ അടർന്ന്‌ കോൺക്രീറ്റ്‌ സ്ലാബുകൾ താഴ്‌ന്നതോടെയാണ്‌ പലരും അകപ്പെട്ടത്‌. മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ പാടികൾ പകുതിയോളം തകർന്നു. ഗവ. എൽപി സ്കൂൾ, എസ്റ്റേറ്റ്‌ ഡിസ്‌പൻസറി, സ്റ്റാഫുകളുടെ വീടുകൾ എന്നിവയ്‌ക്കും വലിയ മരങ്ങൾ കുത്തിയൊലിച്ചെത്തി കേടുപാടുണ്ടായി.