the fingerprint of death

മരണത്തിന്റെ ‘വിരല’ടയാളം

Friday Aug 2, 2024

ചൂരൽമല > ചിതറിപ്പോയ അവയവങ്ങൾ, മൃതദേഹങ്ങൾ, പ്രിയപ്പെട്ടവരെ തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ്‌ ആ വിരലുകൾകണ്ട്‌ അച്ഛനെയും അമ്മയെയും മുണ്ടക്കൈ സ്വദേശി ഹർഷയും ഭർത്താവ്‌ അർജുനും തിരിച്ചറിഞ്ഞത്‌.
 

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ആറാം വിരൽ കണ്ടപ്പോൾ ഹർഷ പറഞ്ഞു അത്‌ അച്ഛൻ പാർഥനാണെന്ന്‌. വ്യാഴാഴ്‌ച മുണ്ടക്കൈ പള്ളിക്ക്‌ സമീപം മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മ നന്ദയെ കണ്ടെത്തുമ്പോൾ അടയാളമായത്‌ പാർഥന്റെ പേരെഴുതിയ മോതിരമായിരുന്നു.
 

മുണ്ടക്കൈയിൽ കാപ്പിത്തോട്ടമുള്ള പാർഥൻ (75) ഇവിടെ ഭാര്യ നന്ദ(68)യ്‌ക്കൊപ്പമാണ്‌ കഴിഞ്ഞിരുന്നത്‌. മഴ കനത്തതോടെ തിങ്കളാഴ്‌ച പാർഥനെ സഹോദരൻ ശ്രീകുമാർ തൃക്കൈപ്പറ്റയിലെ വീട്ടിലേക്ക് ക്ഷണിച്ചു. പിറ്റേന്ന്‌ രാവിലെ വരാമെന്ന്‌ പറഞ്ഞ പാർഥന്റെ വീടും സ്ഥലവുമുൾപ്പെടെ ഉരുളെടുത്തു.  

പാർഥന്റെ അരയ്‌ക്കുമുകളിലുള്ള ഭാഗംമാത്രമാണ്‌ ബുധനാഴ്‌ച ചാലിയാറിൽനിന്ന്‌ കിട്ടിയത്‌. ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം തലശേരിയിലെ തറവാട്ട്‌ വീട്ടിലേക്ക് കൊണ്ടുപോയി.