ഹൃദയം നിലച്ച് വെള്ളാർമല സ്‌കൂൾ
Friday Aug 2, 2024
ചൂരൽമല > മരണം മലയിറങ്ങിയ രാത്രിയിൽ വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്സിന് നഷ്ടമായത് 32 കുഞ്ഞുങ്ങളെ. 20പേർ ഇനിയില്ലെന്ന് ഉറപ്പായി. 12പേർ ഇപ്പോഴും കാണാമറയത്തും.
വേരറ്റുപോയ മണ്ണും കുന്നിറങ്ങിയ വെള്ളവും ആർത്തലച്ചെത്തിയ രാത്രിയിൽ വീടുകളിൽനിന്ന് പലവഴിയിൽ ചിതറിയോടിയവരാണിവർ. പലരും മണ്ണിൽ പൂണ്ടുകിടപ്പുണ്ടാവണം. അത്ഭുതങ്ങൾ സംഭവിക്കുമെന്നും കൂട്ടുകാരിൽ ചിലരെങ്കിലും ജീവനോടെ തിരികെയെത്തുമെന്നും ആശിക്കുകയാണ് സഹപാഠികളും അധ്യാപകരും ഉറ്റവരും. ക്യാമ്പുകളിലെയും ആശുപത്രികളിലെയും ബന്ധുവീടുകളിലേയും അന്വേഷണങ്ങൾക്ക് ശേഷമാണ് അധ്യാപകർ 32 പേരുടെ പട്ടിക തയ്യാറാക്കിയത്. മരിച്ചവരിൽ 14 ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ. കാണാതായ 12 പേരിൽ ഏഴ് ആൺകുട്ടികൾ.
മരിച്ചവരിൽ പത്ത് ബിയിലെ അഞ്ചുപേരുണ്ട്. ഒരുമിച്ച് യാത്രയൊരുക്കാൻ മുണ്ടക്കൈയിൽനിന്നുള്ള അഞ്ചുപേരെയും ഒരു ഡിവിഷനിൽ ഉൾപ്പെടുത്തിയ അധ്യാപകരുടെ കരുതൽ നിഷ്‌ഫലമായി. ആറിലെ നാലും ഏഴിലെ മൂന്നും കുഞ്ഞുങ്ങൾ ദുരന്തത്തിനിരയായി. അഞ്ചിലും എട്ടിലും രണ്ടുപേർ വീതം. രണ്ട്, നാല്, ഒമ്പത് ക്ലാസുകളിലെ ഓരോ കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. മോർച്ചറിയിൽ കുഞ്ഞുങ്ങളുടെ മൃതശരീരം തിരിച്ചറിയാനെത്തിയ അധ്യാപകരുടെ കണ്ണുകൾ തോർന്നുതീരുന്നില്ല.
പ്രകൃതിയുടെ കലിയിൽ സ്കൂളിന്റെ മൂന്ന് സമുച്ചയങ്ങളാണ് മണ്ണോടുചേർന്നത്. ശേഷിച്ച മൂന്ന് കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും പിളർന്നുപോയി. 497 വിദ്യാർഥികളുണ്ടിവിടെ. 129 കുട്ടികൾ ക്യാമ്പുകളിലും അഞ്ചുപേർ ആശുപത്രിയിലുമാണെന്ന് അധ്യാപകൻ ജെന്നിഫർ പറഞ്ഞു.