ആറ്‌ ബിയിൽ 
അവർ എത്തുമോ?

Friday Aug 2, 2024

ചൂരൽമല > വെള്ളാർമല സ്‌കൂളിലെ ആറ്‌ ബിയിലെ ഫാത്തിമ ഹഷ്‌മയും ഫൈസയും സിയ നൗറിനും  വല്യ ചങ്കുകളായിരുന്നു. കളിയും നടപ്പും കുസൃതിയുമെല്ലാം ഒരുമിച്ച്‌. എന്നാലിപ്പോൾ ഹഷ്‌മയൊഴികെ മറ്റു രണ്ടുപേരും എവിടെയെന്നുപോലും അറിയില്ല. കുത്തിയൊലിച്ചെത്തിയ ഉരുൾ അവരെക്കൊണ്ടുപോയി. കൂട്ടുകാരില്ലാത്ത ക്ലാസിൽ ഞാനെങ്ങിനെ പഠിക്കുമെന്നാണ്‌ ഈ കുഞ്ഞ്‌ ചോദിക്കുന്നത്‌. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലാണ്‌ ഹഷ്‌മ.

വീടുപേക്ഷിച്ച്‌ പലായനം ചെയ്‌ത രാത്രിക്ക്‌ ശേഷം ഉറങ്ങാനായിട്ടില്ല ഹഷ്‌മയ്‌ക്ക്‌. ഉറക്കത്തിലേക്ക്‌ വഴുതിവീഴുമ്പോഴേല്ലാം ഞെട്ടിയുണർന്ന്‌ കരയുകയാണ്‌ മകളെന്ന്‌ സിറാജുദ്ദീൻ പറഞ്ഞു. നിലംപറ്റിയ കോൺക്രീറ്റ്‌ സ്ലാബുകൾക്കിടയിൽ ഉപ്പയുടെ ഓട്ടോറിക്ഷ ചതഞ്ഞു കിടക്കുന്നത് കണ്ടതിന്റെ ആഘാതവുമുണ്ട്‌ ഹഷ്‌മയക്ക്‌.