കാട്ടാന വഴിമാറി; സുജാത ജീവിതക്കര കയറി
Friday Aug 2, 2024
ചൂരൽമല > ഉരുൾപൊട്ടലിന്റെ ദുരിതത്തിൽനിന്ന് പേരക്കുട്ടിയുടെ കൈയും പിടിച്ച് സുജാത ഓടിയത് കാട്ടനയുടെ മുന്നിലേക്ക്. ചെകുത്താനും കടലിനും നടുവിലായ അവസ്ഥ. സുജാത കണ്ണുനിറഞ്ഞ് കൊമ്പനോട് പറഞ്ഞു; ഒന്നും ചെയ്യരുതെന്ന്, നേരം പുലരുംവരെ കാട്ടിലിരുന്നു. കാട്ടാന വഴിമാറിപ്പോയി. ചൊവ്വ രാവിലെ രക്ഷാപ്രവർത്തകരാണ് ഇവരെയും കുടുംബാംഗങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
തിങ്കൾ പുലർച്ചെ മുണ്ടെക്കൈയിലുണ്ടായ ആദ്യ ഉരുൾപൊട്ടലിന് ശേഷമാണിവർ സുരക്ഷതേടി പുഞ്ചിരിമട്ടം വനത്തിലേക്ക് കടന്നത്. പേരക്കുട്ടിയും പ്രായമായ അമ്മയും ഉൾപ്പെടുന്നവർ കുതിച്ചെത്തുന്ന മഴവെള്ളം മറികടന്നാണ് വനത്തിലെത്തിയത്.
കാട്ടാന ശല്യമുള്ള പ്രദേശമാണിത്. സുജാതയും കുടുംബാംഗങ്ങളും ചെന്നത്തിയത് കൊമ്പന്റെ മുന്നിൽ. എല്ലാം തീർന്നെന്ന് കരുതി. പിന്നെ ഒന്നും ചെയ്യരുതെന്ന് കൊമ്പനോട് യാചിക്കുകയായിരുന്നു. കണ്ണുനിറഞ്ഞ കൊമ്പനും മറ്റു രണ്ട് ആനകളും തങ്ങൾക്ക് കാവലെന്ന പോലെ നിന്നെന്ന് ക്യാമ്പിൽ കഴിയുന്ന സുജാത മാധ്യമങ്ങളോട് പറഞ്ഞു.