കേരളം നെഞ്ചോടുചേര്‍ത്ത ആ സന്ദേശം
Friday Aug 2, 2024
അജിന്‍ അപ്പുക്കുട്ടന്‍
കട്ടപ്പന > വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം അഭ്യർഥിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ വന്ന കമന്റായിരുന്നു ഇത്. ‘‘ഞങ്ങൾ ഇടുക്കിയിൽ ആണ്. എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ’’.
കേരളം നെഞ്ചോടുചേർത്ത ആ സന്ദേശം ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതാണ്. കമന്റ് വൈറലാകുകയും സഹായം അഭ്യർഥിച്ചു വിളികളെത്തുകയും ചെയ്തതോടെ സജിനും ഭാര്യ ഭാവനയും വ്യാഴാഴ്ച മുണ്ടക്കൈയിലെത്തി രക്ഷാദൗത്യത്തിൽ പങ്കാളികളായി. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനം വലിയ ശ്രദ്ധ പിടിച്ചുപറ്റി.നിരവധി കുട്ടികൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. വിവരം സജിനെ അറിയിച്ചപ്പോൾ പൂർണ പിന്തുണ നൽകിയതോടെ സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. നാലുവയസും നാലുമാസവും പ്രായമുള്ള രണ്ടുകുട്ടികളും ഇവർക്കുണ്ട്.