മരണത്തെ തടഞ്ഞുനിർത്തിയ സ്‌കൂൾ കെട്ടിടം

Friday Aug 2, 2024

ചൂരൽമല > വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം രക്ഷപ്പെടുത്തിയത്‌ നിരവധി കുടുംബങ്ങളെ. ആ കെട്ടിടം തകർന്നിരുന്നുവെങ്കിൽ തങ്ങളടക്കം ജീവനോടെ ഉണ്ടാവില്ലെന്ന്‌ ചൂരൽമല വില്ലേജ്‌ റോഡിലെ ഷംസീർ പറഞ്ഞു.

ആദ്യ ഉരുൾപൊട്ടലിൽ തന്നെ വില്ലേജ്‌ റോഡിലെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഷംസീറിന്റെ വീട്ടിലടക്കം വെള്ളം കയറി. ഫോണിൽ അറിയിച്ചതിനെ തുടർന്ന്‌ അയൽവാസികൾ എത്തി വാതിൽ ചവിട്ടിത്തുറന്നാണ്‌ ഷംസീർ,  ബാപ്പ, ഉമ്മ, ഭാര്യ, പത്ത്‌ വയസ്സും മൂന്ന്‌ മാസവും പ്രായമായ മക്കൾ എന്നിവരെ പുറത്തെത്തിച്ചത്‌. അൽപ്പനേരം കഴിഞ്ഞപ്പോഴാണ്‌ രണ്ടാമത്തെ പൊട്ടലുണ്ടായത്‌.  വെള്ളം  കുറച്ചുകൂടി ശക്തമായി വന്നു. അതോടെ എല്ലാവരും വില്ലേജ്‌ ഭാഗത്തെ കയറ്റത്തിലേക്ക്‌ ഓടിക്കയറി.  നിമിഷങ്ങൾക്കകം വീട്‌ ചെളിയിൽ മൂടി.  

മുണ്ടക്കൈയിൽ നിന്നടക്കം ഒഴുകിവന്ന മരങ്ങളിൽ ഏറെയും സ്‌കൂൾ കെട്ടിടത്തിലാണ്‌ തടഞ്ഞുനിന്നത്‌.  ഒഴുക്കിന്റെ ശക്തി ഒരുഭാഗത്ത്‌ കുറയ്‌ക്കുകയും ചെയ്‌തു. കെട്ടിടത്തോളം ഉയരത്തിലാണ്‌ വന്നടിഞ്ഞ മരങ്ങൾ. സ്‌കൂൾ കെട്ടിടം തകർന്നിരുന്നുവെങ്കിൽ മരങ്ങളത്രയും ചൂരൽമല ടൗണിലേക്കും വില്ലേജ്‌ ഓഫീസ്‌ റോഡിലേക്കും എത്തും. ടൗണും വീടുകളും പൂർണമായും തകരും. നിരവധി വീടുകളാണ്‌ ഇവിടെയുള്ളത്‌. വെള്ളത്തിനൊപ്പം മരങ്ങളും പാറകളും എത്താത്തതിനാലാണ്‌ ഈ ഭാഗത്തുള്ളവർക്ക്‌  രക്ഷപ്പെടാൻ സാധിച്ചതെന്നും ഷംസീർ പറഞ്ഞു. ഈ കെട്ടിടത്തിന്‌ തൊട്ടടുത്ത പഴയ കെട്ടിടം തകർന്നിരുന്നു. 2023ലാണ്‌ ഒരു കോടി രൂപ ചെലവിൽ കിഫ്‌ബി മുഖേനെ പുതിയ കെട്ടിടം നിർമിച്ചത്‌.