4 ആഴ്ചവരെ കേടാകാത്ത ഭക്ഷണസാമഗ്രികളുമായി എന്‍ഐഐഎസ്‌ടി
Friday Aug 2, 2024
തിരുവനന്തപുരം > വയനാട്ടിലെ ദുരിതബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി പാപ്പനംകോട് സിഎസ്ഐആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-–-എൻഐഐഎസ്ടി). സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളടങ്ങിയ 3000 കിറ്റാണ് ആദ്യഘട്ടത്തിൽ ദുരിതബാധിതർക്കും രക്ഷാപ്രവർത്തകർക്കും എത്തിക്കുക.
എൻഐഐഎസ്ടി ജീവനക്കാരും വിദ്യാർഥികളും തയ്യാറാക്കിയ ഉപ്പുമാവ്, റസ്ക്, ചെറുധാന്യം കൊണ്ടുള്ള ലഘുഭക്ഷണം തുടങ്ങിയവയുണ്ട്. രണ്ടുമുതൽ നാലാഴ്ചവരെ കേടാകാത്തതും ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷ്യവസ്തുക്കൾ പോഷകസമൃദ്ധമാണ്. സാധാരണ താപനിലയിൽ സംഭരണ ഉപകരണങ്ങളുടെ സഹായമില്ലാതെ സൂക്ഷിക്കാനുമാകും. പ്രോസസ് ചെയ്ത് പ്രത്യേക രീതിയിൽ പാക്ക് ചെയ്തതിനാലാണ് ഭക്ഷണം കേടാകാതിരിക്കുക.
അത്യാധുനിക ഭക്ഷ്യ സംസ്കരണ ഉപകരണങ്ങളായ വാട്ടർ സ്പ്രേ റിട്ടോർട്ട്, ട്വിൻ സ്ക്രൂ എക്സ്ട്രൂഡർ, ഫ്ളൂയിഡൈസ്ഡ് ബെഡ് ഡീഹൈഡ്രേറ്റർ, ബേക്കറി പ്രോസസിങ് ലൈൻ എന്നിവ ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപ്പന്നങ്ങളും ലഘുഭക്ഷണങ്ങളും തയ്യാറാക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യകത കണക്കിലെടുത്ത് ഉൽപ്പാദനം കൂട്ടാനും എൻഐഐഎസ്ടി പദ്ധതിയിടുന്നുണ്ട്.