മരിക്കുമെന്ന് ഉറപ്പിച്ചപ്പോൾ അവർ ജീവിതത്തിലേക്ക് വഴിവെട്ടി
Saturday Aug 3, 2024
ചൂരൽമല
‘ദുരന്തത്തിൽപ്പെട്ട് മരിക്കുമെന്ന് ഉറപ്പിച്ചപ്പോൾ ജീവിതത്തിലേക്ക് വഴിവെട്ടി തന്നത് ഒരുകൂട്ടം യുവാക്കളാണ്. വീടും നാടുമെല്ലാം ഒഴുകിയൊലിച്ചെത്തിയപ്പോൾ മലമുകളിലെ കാപ്പിത്തോട്ടത്തിൽ പെരുമഴയും കൊണ്ട് തളർന്നിരുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി. മകളും ഭർത്താവിന്റെ അമ്മയുമടക്കമുള്ളവരെ സുരക്ഷിതരാക്കി. എങ്ങോട്ടു നടക്കണമെന്ന് അറിയില്ലായിരുന്നു. അവർതന്ന ഒറ്റ ധൈര്യത്തിലാണ് മുന്നോട്ടു നടന്നത്’–-ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ട് മേപ്പാടി ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന തേക്കിലക്കാട് അമ്പിളിയുടെ വാക്കുകളാണിത്. സ്വന്തം ജീവൻ പണയംവച്ച് ഇവരെ രക്ഷപ്പെടുത്തിയത് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസും സംഘവുമാണ്. ക്യാമ്പുകളിൽ കഴിയുന്നവരിൽ ഏറെപ്പേർക്കും പറയാനുള്ളത് ഈ യുവാക്കളുടെ കരുതലിനെപ്പറ്റിയാണ്. ഉരുൾപൊട്ടലുണ്ടായ വിവരമറിഞ്ഞ ഉടനെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ സ്ഥലത്തെത്തി. പുലർച്ചെ നാലോടെയാണ് അമ്പിളി ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്. സ്‌കൂൾ ക്വാർട്ടേഴ്‌സിന്റെ പിന്നിലൂടെ മരംവെട്ടുന്ന യന്ത്രം ഉപയോഗിച്ച് വഴിവെട്ടിയായിരുന്നു രക്ഷാപ്രവർത്തനം.
ദുരന്ത ബാധിത പ്രദേശങ്ങളിലെ മനുഷ്യനെ കരകയറ്റാൻ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഡിവൈഎഫ്‌ഐയുടേത്. രക്ഷാപ്രവർത്തനം, തിരച്ചിൽ, പാലം നിർമാണം, ക്യാമ്പുകളിലെയും ആശുപത്രികളിലേയും വളന്റിയർ എന്നിവിടങ്ങളിലെല്ലാം അവർ സജീവമായുണ്ട്. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ ആദ്യദിവസം മുതൽ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. വിവിധ ജില്ലാ കമ്മിറ്റികളിൽനിന്ന് ടൺ കണക്കിന് ഭക്ഷണവും വസ്‌ത്രവും ആവശ്യസാധനങ്ങളുമെത്തിക്കുന്നുണ്ട്. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 200ലധികം പ്രവർത്തകർ തിരച്ചിലിനെത്തുന്നുണ്ട്. ഓരോ ക്യാമ്പുകളിലും അമ്പതിലധികം വളന്റിയർമാരുടെ മുഴുവൻ സമയ സേവനവും നൽകുന്നു. അപകടം പറ്റിയവരെ പരിചരിക്കാനും ആവശ്യസാധനങ്ങൾ ശേഖരിക്കാനും വിതരണത്തിനുമെല്ലാം ജില്ലാ സെക്രട്ടറി കെ റഫീഖ് മുതൽ നൂറുകണക്കിന് പ്രവർത്തകരുണ്ട്.
മറ്റു ജില്ലകളിലുള്ള പ്രവർത്തകരും സേവന സന്നദ്ധരായി എത്തുന്നുണ്ട്.