ട്രാക്ടറിലെത്തിച്ചത് 48 മൃതദേഹഭാഗങ്ങൾ
Saturday Aug 3, 2024
എടക്കര
വാണിയമ്പുഴയിലെ ഒഴുക്കിനെ മറികടന്ന് ട്രാക്ടറിൽ നാലുദിവസംകൊണ്ട് പുറംലോകത്തെത്തിച്ചത് 48 മൃതദേഹഭാഗങ്ങൾ. വാണിയമ്പുഴമുതൽ പരപ്പൻപാറവരെപോയ സംഘം തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങളാണ് ട്രാക്ടറിൽ പുഴകടത്തിയത്. ഈ പ്രദേശത്ത് പുഴയിലിറങ്ങി കടക്കാൻ കഴിയില്ല. ട്രാക്‌ടറിനുമുന്നിൽ കയർകെട്ടി സംഘം വലിക്കും. രണ്ടാംദിനം വാഹനം ഒഴുക്കിൽപ്പെട്ടെങ്കിലും സാഹസികമായി പുഴ കടത്തി. ദൗത്യത്തിന് ചാലിയാറിന് മറുകരയിലെ ഏക വാഹനമാണിത്. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന് വഴിയിൽ താഴ്‌ന്നുപോയ ട്രാക്ടർ രണ്ടരമണിക്കൂർ കഠിന പരിശ്രമം നടത്തിയാണ് യൂത്ത് ബ്രിഗേഡ് ടീം കുഴിയിൽനിന്ന് കയറ്റിയത്.