ഉള്ളുലച്ച ആ രാവ്
Saturday Aug 3, 2024
പ്രകാശൻ പയ്യന്നൂർ
പയ്യന്നൂർ
‘ആംബുലൻസിൽ കഴിഞ്ഞ ദിവസംവരെ കൂടെയുണ്ടായിരുന്നവരുടെ മൃതശരീരങ്ങൾ... തിരിച്ചറിയാൻചെന്നപ്പോൾ തലകറങ്ങി. അക്കൂട്ടത്തിൽ നാലാംക്ലാസുകാരിയായ മകൾ തന്മയയുടെ കൂട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ...’ വിന്യയുടെ വാക്കുകളിടറി. മേപ്പാടിയിലെ ദുരന്തത്തെ അതിജീവിച്ച് പയ്യന്നൂരിലെ വീട്ടിലെത്തിയ വിന്യയുടെ മനസിൽ ഇപ്പോഴുമുണ്ട്, കുത്തിയൊലിച്ചു മഴപെയ്‌ത ആ ദിവസം. ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം, മനുഷ്യരുടെ ഹൃദയംതകർന്ന നിലവിളി ഒക്കെ ചെവിയിൽ മുഴങ്ങുന്നുണ്ട്. വൻദുരന്തം മുന്നിൽക്കണ്ട് ഭർത്താവ് ജനീഷ് ചൂരൽമലയിലെ വീട്ടിൽനിന്ന് പ്ലാന്റേഷൻ വില്ലയിലേക്ക് കുടുംബത്തെ മാറ്റാനെടുത്ത തീരുമാനമാണ് തുണച്ചത്.
മേപ്പാടിയിൽ ഉരുൾപ്പൊട്ടലുണ്ടായ തിങ്കളാഴ്‌ച പകൽ ചൂരൽമല അംബേദ്കർ ഊരിന് സമീപത്തെ വിന്യയുടെ വീടിനുചുറ്റും വെള്ളമൊലിച്ചിറങ്ങി. 2019ൽ കുത്തുമലയിലുണ്ടായ പ്രളയത്തിന്റെ ഓർമയിൽ ജനീഷ് എമർജൻസി ലൈറ്റും ഉടുവസ്‌ത്രവും മാത്രമെടുത്ത്, അച്ഛനെയും അമ്മയെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി തൊട്ടടുത്തുള്ള പ്ലാന്റേഷൻ വില്ലയിലേക്ക് താമസംമാറി. സമീപത്തെ വീടുകളിലുള്ളവരും പിന്നീടവിടേക്കെത്തി. കനത്ത മഴയും ഭയവും കാരണം ആരും ഉറങ്ങിയിരുന്നില്ല. ചൊവ്വ പുലർച്ചെ രണ്ടോടെ ഉഗ്രശബ്‌ദവും കുലുക്കവുമുണ്ടായി. ചളിയുടെ മണം പരന്നു. എന്താണ് നടക്കുന്നതെന്ന് പുറത്തിറങ്ങി നോക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. പുലർച്ചെ നാലോടെ വാഹനങ്ങളുമായി നാട്ടുകാർ സ്ഥലത്തെത്തി ഉടൻ മാറാനാവശ്യപ്പെട്ടു. ചൂരൽമലയിലെ ക്രിസ്‌ത്യൻ പള്ളി ഓഡിറ്റോറിയത്തിലെ ക്യാമ്പിലെത്തുമ്പോഴേക്കും അവിടം നിറഞ്ഞിരുന്നു. വൈകിട്ടോടെ മേപ്പാടി ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
മക്കൾക്ക് പനി വന്നതോടെയാണ് പയ്യന്നൂരിലെ സ്വന്തംവീട്ടിലേക്ക് വരാൻ വിന്യ തീരുമാനിച്ചത്. പയ്യന്നൂരിലെ വാർഡ് അംഗം എം പ്രസാദുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെയും ടി ഐ മധുസൂദനൻ എംഎൽഎയുടെയും ഇടപെടലിൽ അതിനുള്ള സാഹചരമൊരുങ്ങി. മേപ്പാടിയിൽ സന്നദ്ധ പ്രവർത്തനത്തിനെത്തിയ പയ്യന്നൂർ സഹകരണ ആശുപത്രി ആംബുലൻസ് ഡ്രൈവർ എം സുനാജിന്റെ സഹായത്തോടെ മക്കളായ തന്മയ, ഇവാനിയ എന്നിവർക്കൊപ്പം വ്യാഴം വൈകിട്ടോടെ പയ്യന്നൂരിലെത്തി. ജനീഷും അച്ഛൻ കണ്ടമുത്തുവും അമ്മ ലക്ഷ്‌മിയും ഇപ്പോഴും ക്യാമ്പിലാണ്. ചൂരൽമലയിലെ വീട്ടിലേക്ക് തിരിച്ചുപോയാലും ഭയത്തോടെ എത്രകാലം ജീവിക്കുമെന്നതാണ് വിന്യയുടെ ആശങ്ക. ജീവിതം, മക്കളുടെ പഠനം എല്ലാം ചോദ്യചിഹ്നമാണെന്നും വിന്യ പറഞ്ഞു. പയ്യന്നൂർ തെരുവിലെ തെരുവത്ത് വയലിന് സമീപം ടി വി രമേശന്റെയും ഡി ചിത്രയുടെയും മകളാണ് ടി വി വിന്യ.