ഈ മണ്ണിൽ എന്റെ ശ്വാസമുണ്ട്
Saturday Aug 3, 2024
ചൂരൽമല
മഴ കോരിച്ചൊരിഞ്ഞിട്ടും മനോജ് ആ മണ്ണിൽനിന്ന് മാറിയില്ല. മുന്നിലൊഴുകുന്ന തോടിന്റെ കര ചൂണ്ടി പറഞ്ഞു: ‘ഇവിടെയായിരുന്നു എന്റെ കുടുംബവീട്. അച്ഛനും അമ്മയും അനിയനുമൊക്കെ ഈ മണ്ണിലുണ്ട്’. കണ്ണുനിറഞ്ഞൊഴുകി. ചൂരൽമലയിൽനിന്ന് പടവെട്ടിക്കുന്നിലേക്കുള്ളന്ന ഹൈസ്‌കൂൾ റോഡിലായിരുന്നു മനോജിന്റെ തറവാട് വീട്. സഹോദരൻ മഹേഷും (37) ഭാര്യയും മക്കളും ഇവിടെയാണ് താമസിച്ചിരുന്നത്. അച്ഛൻ വാസു (60) അമ്മ ഓമന (55)യും മഹേഷിനൊപ്പമായിരുന്നു. മനോജും കുടുംബവും ഇതിനടുത്ത് തന്നെ വാടകവീട്ടിലായിരുന്നു. ‘തിങ്കളാഴ്‌ച രാത്രി വലിയ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. മലയലിടിഞ്ഞുവരുന്നതാണ് എന്ന് മനസ്സിലായിരുന്നില്ല.
നോക്കിയപ്പോൾ ഈ ഭാഗത്തെ വീടുകളൊന്നും കണ്ടില്ല. അനിയനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അങ്ങോട്ടേക്ക് പോകാനുള്ള വഴിപോലും ഉരുളെടുത്തിരുന്നു. അനിയന്റെ ഭാര്യ രമ്യയെ ആരോ രക്ഷിച്ച് ആശുപത്രിയിലാക്കി. മകൻ അവ്യക്തിനെ(9)യും കണ്ടെത്തിയെന്ന് അറിഞ്ഞു. ആശുപത്രികളിലൊക്കെ അന്വേഷിച്ചു. എവിടെയാണെന്ന് അറിയില്ല. അനിയന്റെ ഇളയമകൾ അരാധ്യയെ(6)യും കുടുംബത്തിലെ മറ്റുള്ളവരെക്കുറിച്ചും ഒരു അറിവുമില്ല. അവരെക്കിട്ടാതെ ഈ മണ്ണിൽനിന്ന് എനിക്ക് മാറാനാകില്ല’ മനോജ് പറഞ്ഞു.