86,000 ചതുരശ്രമീറ്ററിൽ ദുരന്തവ്യാപ്‌തി ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആർഒ
Saturday Aug 3, 2024
തിരുവനന്തപുരം
വയനാട് ചൂരമലയിൽ ഉരുൾപൊട്ടൽ നടന്ന മേഖലയിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആർഒ. ഐഎസ്ആർഒയുടെ അത്യാധുനിക കാർട്ടോസാറ്റ് -3 ഒപ്റ്റിക്കൽ ഉപഗ്രഹവും വിഎച്ച്‌ആർ റഡാർ ഇമേജിങ് സാറ്റലൈറ്റും (റിസാറ്റ്) ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ദുരന്തത്തിന് മുമ്പും പിൻപുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽ ഇതിനുമുമ്പും പൊട്ടലുണ്ടായിട്ടുള്ളതായി ഐഎസ്‌ആർഒ വ്യക്തമാക്കുന്നു. എട്ടുകിലോമീറ്റർ ദൂരത്തിൽ 86,000 ചതുരശ്രമീറ്റർ വ്യാപ്തിയിലാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഏകദേശം 21 ഏക്കർ വരുമിത്. വൻമരങ്ങളും പാറക്കെട്ടുകളുമായി ചൂരമലയിൽനിന്ന് ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാക്കുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1550 മീറ്റർ ഉയരെയാണ് ചൂരൽമല മേഖല.ഐഎസ്‌ആർഒ തയാറാക്കിയ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ 13–-ാം സ്ഥാനത്താണ് വയനാട് ജില്ല. മൂന്നാം സ്ഥാനത്തുള്ള തൃശൂരാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല.
പ്രാണൻ തിരഞ്ഞ് രക്ഷാപ്രവർത്തകർ
എങ്ങും മരണത്തിന്റെ ഗന്ധം. കാണാതായവരെ തേടിയെത്തുന്നത് ബന്ധുക്കളും നാട്ടുകാരും മാത്രമല്ല, പേരറിയാത്ത, ദേശമറിയാത്ത ഒരുപാടുപേർ. ഇടയിൽ പെയ്യുന്ന മഴയെ കൂസാതെ അവർ സദാജാഗരൂകരാണ്. ആയുധങ്ങളുമായി കൂട്ടംകൂടി പോകുന്നവർ നിശബ്ദരാണ്. അതിൽ സേനാംഗങ്ങളും അഗ്‌നിരക്ഷാസേനാ വിഭാഗവും വളന്റിയർമാരുമുണ്ട്. ഹിറ്റാച്ചിയുൾപെടെ മണ്ണുമാന്തിയന്ത്രങ്ങൾ കൂടുതലായി എത്തിച്ചു.
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമല ടൗണും പരിസരവും പ്രദേശവാസികൾക്കുപോലും തിരിച്ചറിയാനാവാത്തവിധം മാറി. എങ്ങും ചെളിയും കൂറ്റൻ കരിങ്കല്ലുകളും പാറക്കഷ്‌ണവുമാണ്. വഴിമാറിയൊഴുകിയ ചൂരൽമലപ്പുഴയ്‌ക്ക് വന്യഭാവം. അവിടെ വീടുകളുടെ അടയാളംപോലും കാണാനില്ല. കല്ലും മണ്ണും തകർത്തെറിഞ്ഞ വീടുകളുടെ തറമാത്രം ചിലയിടങ്ങളിൽ ബാക്കി. ചില വീടുകൾ മണ്ണിലമർന്നുനിൽക്കുന്നു. ജനലും വാതിലും തകർന്ന വീടുകൾക്കുള്ളിലെ ചെളിമാറ്റി വെള്ളിയാഴ്‌ച തിരച്ചിൽ നടത്തി. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ കല്ലുകൾ മാറ്റിയപ്പോൾ ചിലയിടങ്ങളിൽനിന്ന് മൃതദേഹങ്ങളോ അവശിഷ്‌ടങ്ങളോ കണ്ടെത്തി.
സൈന്യം നിർമിച്ച ബെയ്‌ലി പാലം കടന്ന് രക്ഷാപ്രവർത്തകർ മുണ്ടക്കൈ റോഡിലെ പതിമൂന്നാം പാലത്തിനരികിൽ തിരച്ചിൽ നടത്തുമ്പോൾ, നേരത്തെ രക്ഷപ്പെട്ട ചില കുടുംബാംഗങ്ങൾ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്നു പറഞ്ഞെത്തിയത് രക്ഷാപ്രവർത്തകരെക്കൂടി കരയിപ്പിച്ചു. സെന്റിനൽ റോക്ക് എസ്റ്റേറ്റിന്റെ ചൂരൽമല ഡിവിഷനിലെ പാടികൾ ഏറെക്കുറെ തകർന്നിരുന്നു. അങ്കണവാടിക്കു സമീപത്തെ തകർന്ന പാടികളുടെ അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് കിട്ടിയ കുട്ടികളുടെയും സ്‌ത്രീകളുടെയും ചിത്രങ്ങൾ വഴിയരികിൽ വച്ചത് നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞു. ചിതറിക്കിടക്കുന്ന പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും പാതിരാത്രിയെത്തിയ ദുരന്തത്തിന്റെ ബാക്കിപത്രം.
വെള്ളരിമല വില്ലേജ് ഓഫീസിലേക്കുള്ള വഴിയുടെ താഴെയുള്ള വീടുകൾ ഏറെക്കുറെ കുത്തിയൊലിച്ചുപോയിരുന്നു. ഉരുൾപൊട്ടലിന്റെ ഭീകരശബ്ദം മൂന്നുതവണയാണ് കേട്ടതെന്ന് പ്രദേശത്തുകാരനായ അഷ്‌റഫ് പറഞ്ഞു. ഇദ്ദേഹത്തിന്റെ അയൽവാസിയായ സുദർശനെയും മകനെയും കാണാതായിരുന്നു. വലിയ ശബ്ദം കേട്ടപ്പോൾ വീട്ടുകാരെ മുഴുവൻ വീടിന്റെ മുകളിലേക്കു മാറ്റിയിരുന്നു. വീണ്ടും താഴേക്കുവന്ന സുദർശനെയും മകൻ ലെനിനെയും പ്രളയം തട്ടിയെടുത്തു. ലെനിന്റെ മൃതദേഹം കിട്ടിയെങ്കിലും സുദർശനെ കണ്ടെത്താനായില്ല.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നായ്ക്കുട്ടികളെ ഏറ്റെടുത്ത് വളർത്താനായി കൊണ്ടുപോകുന്ന യുവാക്കൾ
തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ഡിഎൻഎ ശേഖരിച്ച് സംസ്‌കരിക്കും
ചാലിയാറിന്റെ തീരങ്ങളിലും വനാതിർത്തിയിലും കണ്ടെത്തിയ തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് നിലമ്പൂരിൽ സംസ്‌കരിക്കും. തീരങ്ങളിലും വനാതിർത്തിയിലും തിരച്ചിൽ തുടരും. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അഴുകാത്തതും തിരിച്ചറിയാവുന്നതുമായ മൃതദേഹങ്ങൾ വയനാട്ടിലെത്തിക്കും. സൂചിപ്പാറ, - കുമ്പളപ്പാറ ഭാഗങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങും. മൃതദേഹങ്ങൾ കണ്ടെത്താൻ ജില്ലയ്‌ക്ക് അകത്തും -പുറത്തുമുള്ള സ്‌നിഫർ നായ്‌ക്കളുടെ സേവനവും ലഭ്യമാക്കും. വനമേഖലയിലെ തിരച്ചിലിന് ആനശല്യം തടസ്സമാവാതിരിക്കാൻ വനംവകുപ്പ് സജ്ജമാണ്.
ചാലിയാർ കടന്നുപോകുന്ന ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളിലും കുടിവെള്ള സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തും. സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് പ്രതിരോധ മരുന്ന് വിതരണംചെയ്യും. യോഗത്തിൽ പി വി അൻവർ എംഎൽഎ, കലക്ടർ വി ആർ വിനോദ്, ഡിഎംഒ ആർ രേണുക, ഡിവൈഎസ്‌പി സാജു കെ എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, ഡിഎഫ്‌ഒ പി കാർത്തിക്, റീജണൽ ഫയർ ഓഫീസർ കെ കെ ഷിജു എന്നിവർ പങ്കെടുത്തു.