മുന്നിലുണ്ട് പുത്തുമലയുടെ അതിജീവനം ; വീട് തകർന്ന 50 കുടുംബങ്ങൾക്ക് സർക്കാർ വീട് നിർമിച്ചുനൽകി
Saturday Aug 3, 2024
കൽപ്പറ്റ
പുത്തുമലയ്ക്കടുത്താണ് മുണ്ടക്കൈയും ചൂരൽമലയും. അഞ്ചുവർഷംമുമ്പ് പുത്തുമലയിൽ ഉരുളെടുത്തത് 102 വീടെങ്കിൽ രണ്ട് ഗ്രാമംതന്നെ മുണ്ടക്കൈ, ചൂരൽമല–- മൺമറഞ്ഞു. തകർന്നത് നാനൂറിലേറെ വീടുകളും സ്ഥാപനങ്ങളും. പുറമെ കൃഷിനാശവും. മരിച്ചവരും പരിക്കേറ്റവരും അതിലുമെത്രയോ ഇരട്ടി.മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളെയാണ് ഒഴുകിയെത്തിയ ദുരന്തം തച്ചുടച്ചത്. ആദ്യനാളുകൾ രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ വ്യാഴാഴ്ചയോടെ പുനരധിവാസപ്രവർത്തനങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗവും ഏകോപനത്തിനുള്ള മന്ത്രിതലസമിതിയും രക്ഷാദൗത്യവും താൽകാലിക പുനരധിവാസ പ്രവർത്തനങ്ങൾക്കും വേഗംകൂട്ടി. മന്ത്രിമാർ തമ്പടിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ക്യാമ്പിൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഉറ്റവർ നഷ്ടപ്പെട്ടവരെ മാനസികമായി ചേർത്തുപിടിക്കാനുള്ള നടപടിയും തുടങ്ങി.
കൗൺസലിങ് അടക്കമുള്ളവയും കുട്ടികളുടെ പഠനം ഉറപ്പാക്കാനുള്ള നടപടിയും ആരംഭിച്ചു. മാനസികാഘാതം ലഘൂകരിക്കാൻ കൂടുതൽ ഏജൻസികളെ ഉപയോഗപ്പെടുത്തും. വീട് തകർന്നവർക്കുള്ള താൽകാലിക സംവിധാനമായാണ് സ്കൂളുകൾ ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെ ഇതുമാറ്റും. സുരക്ഷിതമായ മറ്റു താമസ സൗകര്യങ്ങൾ കണ്ടെത്താൻ നിർദേശിച്ചു. അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്കാകും മാറ്റുക. രേഖകൾ നഷ്ടപ്പെട്ടവർക്ക് പ്രധാന്യം പരിഗണിച്ച് അടിയന്തരമായി അനുവദിക്കും. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച വയനാട്ടിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പുത്തുമലയിൽ വീട് തകർന്ന 50 കുടുംബത്തിന് പൂത്തക്കൊല്ലിയിൽ സർക്കാരും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമെല്ലാംചേർന്ന് വീട് നൽകി. എളമരം കരീം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 1.4 കോടി രൂപ ചെലവഴിച്ച് റോഡും നിർമിച്ചു. അവശേഷിക്കുന്നവർ ധനസഹായംകൊണ്ട് അവരവർക്ക് താൽപര്യമുള്ള സ്ഥലങ്ങളിൽ വീടുവച്ചു. പുത്തുമലയിൽ നാശനഷ്ടമുണ്ടായവരിൽ ഏറെയും കർഷകരായിരുന്നു. ഇവർക്ക് ഉരുളെടുത്ത ഭൂമിയിലുൾപ്പടെ കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കി. 17 പേർക്കാണ് പുത്തുമലയിൽ ജീവൻ നഷ്ടമായത്. അഞ്ചുപേരെ കണ്ടെത്താനായില്ല.
മുണ്ടക്കൈയിൽ ദുരന്തത്തിൽപെട്ടവരിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളും കുടുംബങ്ങളും. പുഴയ്‌ക്കരികിലെ ലയങ്ങളാണ് കൂടുതലായും ഉരുളെടുത്തത്. ചൂരൽമലയിൽ ഉരുളെടുത്തവരിലേറെയും കർഷകരും. പുനരധിവാസത്തോടൊപ്പം ഉപജീവനത്തിനുള്ള വഴികളും ഉറപ്പാക്കിയാകും കേരളം ഇവരെ ചേർത്തുപിടിക്കുക.