അച്ഛനും അമ്മയുമില്ല, സഹോദരനെ ചേർത്തുപിടിച്ച് ജിഷ്‌ണു
Saturday Aug 3, 2024
മേപ്പാടി > അച്ഛനെയും അമ്മയെയും നഷ്ടമായ ജിഷ്‌ണു സഹോദരനെയും ചേർത്തുപിടിച്ചിരിപ്പാണ്, ഇനി ജീവിതം എങ്ങനെയാണെന്ന ചോദ്യവുമായി. ദുരിതാശ്വാസ ക്യാമ്പിലെ ഈ സഹോദരന്മാർ നോവുപരത്തുന്ന കാഴ്ചയാണ്. ദുരന്തം നടന്ന ദിവസം കോഴിക്കോടായിരുന്നു ജിഷ്‌ണു. മുണ്ടക്കൈയിലെ പാടിയിൽ അച്ഛൻ ശിവൻ, അമ്മ പ്രമോദിനി, സഹോദരൻ ജിജോഷ് എന്നിവരാണുണ്ടായത്. ഉരുൾപൊട്ടലിൽ ശിവനും പ്രമോദിനിയും കിടന്ന ഭാഗം പൂർണമായും ഒലിച്ചുപോയി. ജിജോഷും രണ്ട് ബന്ധുക്കളും താമസിച്ച ഭാഗം തകർന്നു. പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയിലായി. അയൽവാസികളെത്തി ഈ ഭാഗം പൊളിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. വീടുവച്ച് അച്ഛനെയും അമ്മയെയും കൊണ്ടുപോകണമെന്നതായിരുന്നു ജിഷ്‌ണുവിന്റെ ആഗ്രഹം. സ്വപ്‌നങ്ങളെല്ലാം ദുരന്തത്തിൽ മണ്ണിലാണ്ടു. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഈ സഹോദരങ്ങൾക്ക് ഇനിയുമായിട്ടില്ല.