അവസാന അടയാളമായി കമ്മലും മോതിരവും
Sunday Aug 4, 2024
നിലമ്പൂർ > ഒരാഴ്ചമുമ്പുവരെ ഒന്നിച്ചുകഴിഞ്ഞവർക്കായി ചാലിയാർ കരയിൽ വിങ്ങലോടെ മോതിരവും കമ്മലും തിരയുകയാണ് ചൂരൽമല നിവാസികൾ. ഛിന്നഭിന്നമായ ശരീരഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന ആഭരണങ്ങളാണ് പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ശേഷിക്കുന്ന അവസാന മുദ്ര. ചാലിയാർ തീരത്തുനിന്നും ചൂരൽമലയിൽനിന്നും തിരിച്ചറിയാനാകാത്ത നിരവധി ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. മാലയും കമ്മലും മോതിരവും നോക്കിയാണ് ചിലരെ തിരിച്ചറിഞ്ഞത്.
മടിക്കുത്തിൽ സൂക്ഷിച്ച താക്കോൽക്കൂട്ടവും ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടവുമെല്ലാമാണ് ബാക്കിയുള്ള അടയാളങ്ങൾ. വെള്ളിയാഴ്ച ചാലിയാറിൽനിന്ന് ലഭിച്ച വലതുകൈയിലെ മോതിരം നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. മോതിരത്തിൽ മുരുകൻ എന്ന് എഴുതിയിരുന്നു. മുരുകന്റെ ഭാര്യ ജിഷയുടെ കൈയാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കളത്തിൻകടവിൽനിന്ന് ലഭിച്ച ശരീരഭാഗത്തിലെ മോതിരവും ചിറ്റുകമ്മലും നോക്കിയാണ് മരിച്ചത് റൈഹാനത്താണെന്ന് മനസ്സിലായത്. ആതിര, ലത തുടങ്ങിയ പേരുകളെഴുതിയ മോതിരങ്ങളും ലഭിച്ചു. സ്വന്തം പേരോ അടുത്തബന്ധുവിന്റെ പേരോ ആയിരിക്കാം ഇവയെന്നാണ് നിഗമനം.