ഉറക്കത്തിൽപ്പോലും വിട്ടുപോകാത്ത മുഖങ്ങൾ
Sunday Aug 4, 2024
മേപ്പാടി > ‘മരണത്തിനു മുമ്പുള്ള ഭീകരമായ മുറിപ്പാടുകളാണ് ഭൂരിഭാഗം മൃതദേഹങ്ങളിലും. വലിയ വേദന തിന്നാണ് മരിച്ചിട്ടുണ്ടാവുക. തലയില്ലാത്തതു മുതൽ ഗർഭിണികളുടെയും കുട്ടികളുടെയുംവരെ വികൃതമായശരീരം പോസ്റ്റുമോർട്ടത്തിനെത്തി. തുന്നികൂട്ടേണ്ടിവന്ന ചിലരുടെ മുഖം ഉറക്കത്തിൽപോലും വിട്ടുപോകുന്നില്ല.’– ഫോറൻസിക് സർജനായ തന്റെ പത്തുവർഷത്തിലെ ഏറ്റവും സങ്കീർണമായ ദിവസങ്ങളെ പറ്റിയാണ് ഡോ. അജിത് പാലേക്കരയ്‌ക്ക് പറയാനുള്ളത്. ചൂരൽമലയിലെ ആദ്യ മൃതദേഹം അജിത്തിന്റെ ടേബിളിലേക്കാണ് എത്തിയത്. പലപ്പോഴും പതറിപ്പോയിട്ടും കരളുറപ്പ് കൈവിടാതെ ഇപ്പോഴും കുടുംബാരോഗ്യകേന്ദ്രത്തിലെ താൽക്കാലിക മോർച്ചറിയിൽ തുടരുകയാണ് അജിത് ഉൾപ്പെടെയുള്ള ഫോറൻസിക് സർജൻന്മാർ.
‘ഏത് അപകടമുണ്ടായാലും പരമാവധി മൂന്നുമുതൽ നാലുവരെ മൃതദേഹമാണ് ഒരു ഡോക്‌ടറുടെ മുമ്പിൽ എത്താറുള്ളത്. എന്നാൽ, ആദ്യ ദിവസം ഒരോരുത്തരും പത്തിലധികംപേരെ പോസ്റ്റുമോർട്ടം ചെയ്‌തു. ദുരന്തത്തിൽ എല്ലാം നഷ്‌ടപെട്ട് ഉറ്റവരുടെ മൃതദേഹം കാത്തിരിക്കുന്നവരോട് നീതി പുലർത്താൻ ആരോഗ്യപ്രവർത്തകർ ഒറ്റകെട്ടായി പരിശ്രമിക്കുകയായിരുന്നു’–- അജിത് പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് മേപ്പാടിയിൽ മോർച്ചറി ഒരുക്കിയത്. ജില്ലയിലെ ഫോറൻസിക് സർജൻമാർക്കു പുറമെ കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ഡോക്ടർമാരുമെത്തി. തുടർ ദിവസങ്ങളിൽ കണ്ണൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഡോക്ടർമാരും സഹായത്തിനെത്തി. ഫോറൻസിക് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം നാൽപതുപേരടങ്ങുന്ന സംഘമാണ് മോർച്ചറി ചുമതലയിലുള്ളത്. നൂൽപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. ദാഹിർ മുഹമ്മദാണ് മോർച്ചറിയുടെ നോഡൽ ഓഫീസർ.