ഇങ്ങനെയാണ് നാം ഒന്നായത്
Sunday Aug 4, 2024
വി കെ രഘുപ്രസാദ്
മലപ്പുറം > രണ്ടാഴ്‌ച മുമ്പാണ് വിവാഹംകഴിഞ്ഞത്. യാത്രകൾക്കും വിരുന്നുകൾക്കുമുള്ള സമയം. ബഹറൈനിൽനിന്ന് അവധിക്കുവരുമ്പോൾ മഞ്ചേരി പാണ്ടിക്കാട് തണ്ടുപാറക്കൽ ടി പി തെസ്‌മിക്കും കൊണ്ടോട്ടി വാഴക്കാലിൽ ടി ഷെഫീഖിനും പദ്ധതികൾ ഏറെയുണ്ടായിരുന്നു. അതിനൊരുങ്ങുന്നതിനിടെയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തം പെയ്‌തത്.
ചാലിയാറിലേക്ക് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നുവെന്ന നടുക്കുന്ന വാർത്തയറിഞ്ഞു. കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകരായ തെസ്‌മിയും ഷെഫീഖും കൂടുതൽ ആലോചിച്ചില്ല. വിവാഹശേഷമുള്ള യാത്രകൾക്കായി നീക്കിവച്ച തുക ഡിവൈഎഫ്‌ഐ ശേഖരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ആദ്യം തീരുമാനിച്ചത്.
ചാലിയാർ തീരത്തെ തിരച്ചിലിന് രംഗത്തിറങ്ങാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചപ്പോഴും ഇവർ മുന്നിട്ടിറങ്ങി. കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി ചാലിയാറിന്റെ തീരത്ത് ശനിയാഴ്‌ച നടത്തിയ തിരച്ചിലിന് ഇവരും സഹപ്രവർത്തകർക്കൊപ്പം ചേർന്നു. ബഹറൈനിൽ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയാണ് തെസ്‌മി. ഷെഫീഖ് ബഹറൈനിലെ കമ്പനിയിലും. നിക്കാഹ് കഴിഞ്ഞ് രണ്ടുവർഷംമുമ്പാണ് ഇരുവരും ബഹറൈനിലേക്ക് തിരിച്ചത്. 21നായിരുന്നു വിവാഹം. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ കൊണ്ടോട്ടി മേഖലാ സെക്രട്ടറിയുമായിരുന്നു ഷെഫീഖ്. എസ്‌എഫ്‌ഐ പ്രവർത്തകയായിരുന്ന തെസ്‌മി ബഹറൈൻ പ്രതിഭ വനിതാവിഭാഗം കേന്ദ്ര കമ്മിറ്റി അംഗമാണ്.