വെള്ളാർമല സ്‌കൂൾ ഇനി മേപ്പാടിയിൽ
Sunday Aug 4, 2024
മേപ്പാടി > വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും വിദ്യാർഥികളെ ഇനി മേപ്പാടിയിൽ പഠിപ്പിക്കും. വിദ്യാഭ്യാസ വകുപ്പും മേപ്പാടി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരും അതിന് സജ്ജീകരണം തുടങ്ങി.
വെള്ളാർമല ജിവിഎച്ച്എസ്എസ് ഹൈസ്‌കൂൾ വിഭാഗത്തിൽ 497 വിദ്യാർഥികളും വിഎച്ച്‌എസ്‌സിയിൽ 88 പേരുമാണുണ്ടായിരുന്നത്. ദുരന്തത്തിൽ ജീവൻ തിരികെ കിട്ടിയ വിദ്യാർഥികൾക്കാണ് മേപ്പാടിയിൽ പഠനസൗകര്യമൊരുക്കുക. 1850 കുട്ടികളാണ് മേപ്പാടി ഹയർസെക്കണ്ടറി സ്കൂളിലുള്ളത്.
ഈ സ്കൂളിന്റെ ലൈബ്രറി ഹാൾ വെള്ളാർമല സ്‌കൂൾ ഓഫീസായി പ്രവർത്തിക്കും. തമിഴ്, ഉറുദു, ക്ലാസ് മുറികളും കൗൺസിലർമാരുടെ റൂമും വെള്ളാർമലക്ക് നൽകും. കിച്ചൻഹാൾ ക്ലാസ് മുറികളാക്കും. ഹയർസക്കൻഡറി വിഭാഗത്തിലെ പുതിയ കെട്ടിടവും വെള്ളാർമലക്കായി നീക്കിവെക്കും. കുട്ടികൾ വർധിക്കുന്നതോടെ ശുചിമുറികൾ, ഫർണിച്ചർ, യാത്രാ സൗകര്യം തുടങ്ങിയവ അധികമായി ഒരുക്കേണ്ടിവരും. മുണ്ടക്കൈ ഗവ. എൽപിസ്‌കൂളിലെ വിദ്യാർഥികൾക്കുള്ള സൗകര്യവും മേപ്പാടിയിൽ ഒരുക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്. എപിജെ അബ്ദുൾ കലാം കമ്യൂണിറ്റി ഹാളിൽ സ്കൂൾ ആരംഭിക്കാനാവുമോ എന്നും ചർച്ച ചെയ്യുന്നുണ്ട്.