അവിശ്രമം ആരോഗ്യപ്രവർത്തകർ
Sunday Aug 4, 2024
കൽപ്പറ്റ > ചൂരൽമല ദുരന്തമറിഞ്ഞ നിമിഷത്തിൽ ദ്രുതകർമസേനയൊരുക്കി ആരോഗ്യവകുപ്പ്. ആരോഗ്യ പരിരക്ഷയ്ക്ക് ചുക്കാൻപിടിച്ച് അഞ്ചാംനാളിലും അവിശ്രമം കർമരംഗത്ത് തുടരുകയാണ് ആരോഗ്യ ജീവനക്കാരും. ആദ്യനാൾ പുലർച്ചെ മൂന്നിനുതന്നെ ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമസേനയെ സജ്ജമാക്കി. വൈദ്യസഹായമുൾപ്പെടെ അടിയന്തര സജ്ജീകരണങ്ങളുമായി വാർഡും ഒരുക്കി. തുടർന്ന് ജില്ലാതലത്തിൽ ദുരന്തനിവാരണ മെഡിക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
24 മണിക്കൂർ കൺട്രോൾ റൂം സജ്ജമാക്കി. ചൂരൽമലയിലെ മുഖ്യകൺട്രോൾറൂമിൽ ആരോഗ്യസംഘത്തെ നിയോഗിച്ചു. കൂടുതൽ മൃതദേഹമെത്തി തുടങ്ങിയതോടെ അവ കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റ് നടപടി സിഎച്ച്‌സിയിൽതന്നെ നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ഫോറൻസിക് സർജൻ ഡോ. അജിത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക്, ഗവ. ജനറൽ ആശുപത്രി, മിംസ് ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിലെ ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടം വേഗത്തിലാക്കി.
മേപ്പാടി ഗവ. പോളിടെക്‌നിക്കിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചു. ഒമ്പത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി, സർക്കാർ–-സ്വകാര്യ മൊബൈൽ മെഡിക്കൽ ടീമുകൾ സജ്ജമാക്കി സേവനം ഉറപ്പാക്കി. മരുന്നുകളെത്തിച്ചു. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്തി. ദുരന്തബാധിത പ്രദേശത്തെ 53 മാനസികാരോഗ്യ കൗൺസിലർമാർക്ക് പരിശീലനം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറുമൊരുക്കി.