അതിവേഗം ഇൻക്വസ്‌റ്റ്‌

Sunday Aug 4, 2024

മേപ്പാടി > ദ്രുതഗതിയിൽ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്. 24 മണിക്കൂറും പൊലീസ് സംഘം മേപ്പാടിയിലുണ്ട്. രാത്രിയും പകലും ഓരോ ഇൻസ്പെക്ടർമാരുടെ കീഴിൽ 60 പൊലീസുകാരാണ് പ്രവർത്തിക്കുന്നത്. 15 സംഘമായി തിരിഞ്ഞാണ് ഇൻക്വസ്റ്റ് നടത്തുന്നത്.
മേപ്പാടി സ്റ്റേഷനിൽ 405 ക്രൈം നമ്പറിലാണ് എല്ലാ മരണത്തിലും കേസ് രജിസ്റ്റർ ചെയ്യുന്നത്.  മൃതദേഹങ്ങൾക്ക് നമ്പർ നൽകിയാണ് ഇൻക്വസ്റ്റ് നടപടികൾ. തിരിച്ചറിയുന്നതോ അറിയാത്തതോ എന്നാണ് ആദ്യം പരിശോധിക്കുക. തിരിച്ചറിയുന്നതാണെങ്കിൽ നടപടി ഉടനെ ആരംഭിക്കും. മറ്റുള്ളവയുടെ ഡിഎൻഎ സാമ്പിളിന് അപേക്ഷിക്കും.

തിരിച്ചറിഞ്ഞവ ബന്ധപ്പെട്ടവർക്ക് വിട്ടുനൽകും. അല്ലാത്തവ സൂക്ഷിക്കും. ആദ്യദിനം 94 ഇൻക്വസ്റ്റ് നടപടി ഒരുമിച്ച് പൂർത്തിയാക്കി. ലഭിക്കുന്ന ഒരു ശരീരഭാഗം ഒരു മൃതദേഹം എന്ന നിലയിലാണ് കണക്കാക്കുക. തുടർന്ന് ഡിഎൻഎ സാമ്പിൾ ലഭിക്കുമ്പോൾ മുമ്പ് ലഭിച്ച മൃതദേഹങ്ങളുടെ ഭാഗമാണോ എന്ന് പരിശോധിക്കും.

വന്യമൃഗങ്ങളുടേതടക്കം അവയവങ്ങൾ ലഭിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന സംഘത്തെക്കൊണ്ട് പരിശോധന നടത്തും. മൃഗങ്ങളുടേതാണെന്ന് ഉറപ്പാക്കിയശേഷം സംസ്കരിക്കാൻ പഞ്ചായത്തിന് കൈമാറും. അല്ലാത്തവ ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടപടികളിലേക്ക് പോകും. ജില്ലയ്ക്ക്‌ പുറത്ത് ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഓരോ വ്യത്യസ്ത കേസുകളായി അതത് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ അമ്പതോളം കേസുകൾ രജിസ്റ്റർചെയ്തു.