വിവരങ്ങൾക്ക് വേഗമേകി ഹാം റേഡിയോ
Sunday Aug 4, 2024
കൽപ്പറ്റ > പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്ന് വിവരശേഖരണം വേഗത്തിലാക്കാൻ ഹാം റേഡിയോ സംവിധാനം. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാർ കലക്ടറേറ്റിലെ ബേസ് സ്റ്റേഷന് വിവരം കൈമാറും.
മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ടവറുകൾപാടെ നിലംപൊത്തിയതോടെ പരിമിത തോതിലാണ് മൊബൈൽ ഫോൺ സേവനം. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ രംഗത്തിറങ്ങിയത്. കലക്ടറേറ്റിൽ താഴെനിലയിൽ ബേസ് സ്റ്റേഷൻ സജ്ജമാക്കി. റിസീവറുകൾ, ആംപ്ലിഫയർ, ലോഗിങ്ങിനും ഡിജിറ്റൽ മോഡുലേഷനുമുള്ള കംപ്യൂട്ടറുകൾ എന്നിവയോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയിൽനിന്ന് ഹാം റേഡിയോ ട്രാൻസ്‌മിറ്ററുകളിലൂടെ ഓപ്പറേറ്റർമാർ വിവരം നൽകും. ചൂരൽമല, മുണ്ടക്കൈ രക്ഷാപ്രവർത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട്. ഇതുവഴി അവിടെനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം കലക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്.