യന്ത്രങ്ങൾ 
തോൽക്കുന്നിടത്ത്‌ ഡോഗ്‌ സ്‌ക്വാഡ്‌

Sunday Aug 4, 2024

കൽപ്പറ്റ > യന്ത്രങ്ങൾ എത്താൻ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലും മനുഷ്യശരീരങ്ങൾ തിരയുകയാണ്‌ ശ്വാനസേന. കരസേന, പൊലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ‘ഡ്യൂട്ടി’യിലുള്ളത്. പാറയും മണ്ണും അടിഞ്ഞുകൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്‌ക്വാഡിന്റെ തിരച്ചിൽ.  

മുണ്ടക്കൈയിൽ നിന്നുമാത്രം പതിനഞ്ചിലധികം മൃതദേഹങ്ങളാണ് ഇവർ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെയും ദുർഘടപാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. മറ്റു ചിലത്‌ രണ്ടു കൈകൾ കൊണ്ടും മണ്ണിൽ മാന്തും. വാലാട്ടലും സൂചനയാണ്‌.  ഇത്‌ മനസ്സിലാക്കിയാണ്‌ പരിശീലകർ രക്ഷാപ്രവർത്തകർക്ക്‌ വിവരം നൽകുക.