സമൂഹ അടുക്കള തിരക്കിൽ; 7000 ഭക്ഷണപ്പൊതികൾ

Sunday Aug 4, 2024
മേപ്പാടി ഗവ. പോളിടെക്‌നിക്കിലെ 
പാചകപ്പുരയിൽ രക്ഷാപ്രവർത്തകർക്കുള്ള പൊതിച്ചോറ്‌ തയ്യാറാക്കുന്നവർ

കൽപ്പറ്റ > ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സമൂഹ അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ  പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ്‌ അസോസിയേഷനാണ് ഭക്ഷണം വച്ചുവിളമ്പുന്നത്. തഹസിൽദാർ പി യു സിത്താരയാണ് നോഡൽ ഓഫീസർ.
ദിവസേന ഏഴായിരത്തോളം ഭക്ഷണപൊതികൾ ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ വിതരണംചെയ്യുന്നു. ഉപ്പുമാവ്‌, കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം, ചോറ്, സാമ്പാർ, തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയുമാണ് നൽകുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിരീക്ഷണത്തിലാണ് പാചകം.