ആയിരങ്ങൾക്ക്‌ ജീവനേകി രക്ഷാപ്രവർത്തനം

Sunday Aug 4, 2024
സ്വന്തം ലേഖകൻ
മൂപ്പൈനാട്‌ പഞ്ചായത്തിലെ കാടാശ്ശേരി ക്യാമ്പിൽ 
കഴിയുന്ന പരപ്പൻപാറ നഗറിലെ കാട്ടുനായിക്ക 
വിഭാഗത്തിലുള്ളവർ. ശക്തമായ മഴയിൽ സുരക്ഷ 
കണക്കിലെടുത്ത് ഇവരെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു

ചൂരൽമല > ഉരുൾവെള്ളത്തിൽ മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെത്തത്‌ യുദ്ധസമാന രക്ഷാപ്രവർത്തനത്തിലൂടെ. രണ്ടായിരത്തിലധികം പേരെയാണ്‌ ദുരന്തത്തിൽനിന്ന്‌ രക്ഷാപ്രവർത്തകർ കൈപിടിച്ചുകയറ്റിയത്‌. ഭൂരിഭാഗവും മരണമുനമ്പിൽനിന്ന്‌ ജീവൻ തിരികെ പിടിച്ചവർ. ഭരണസംവിധാനത്തിന്റെ മികവും ഏകോപനവും സ്വന്തംജീവൻ പണയപ്പെടുത്തി നന്മയുള്ള മനുഷ്യർ നടത്തിയ പേരാട്ടവുമാണ്‌ ഇവരെ തിരികെ ജീവിതക്കരയിലെത്തിച്ചത്‌. അമാന്തിച്ചിരുന്നെങ്കിൽ ദുരന്തം നിലവിലുള്ളതിനും എത്രയോ ഏറിയേനെ.  

ഉരുൾപൊട്ടി തിങ്കൾ രാത്രി 1.30 ഓടെയാണ്‌ മലവെള്ളം ചൂരമലയിലേക്ക്‌ ഇരച്ചെത്തുന്നത്‌. അതേവേഗത്തിൽ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെി. കൂരിരുട്ടിലും സേനാംഗങ്ങൾ മനോബലം കൈമുതലാക്കി നീങ്ങി. ചൂരൽമല ടൗണിന്റെ ഒരുഭാഗത്ത്‌ വെള്ളം നിറയുമ്പോൾ മറുഭാഗത്ത്‌ രക്ഷാപ്രവർത്തനം തുടങ്ങി.

ഉറ്റവരെ വാരിയെടുത്ത്‌ ഓടിയെത്തിയവരെ പുറത്തേക്ക്‌ കൊണ്ടുവന്നു. ജീവനുവേണ്ടി കേഴുന്ന കൂടുതൽപേരുടെ അരികിലേക്ക്‌ എത്തുമ്പോഴേക്കും രണ്ടാമത്തെ ഉരുളിൽ സർവം തകർത്ത്‌ വെള്ളമെത്തി. രക്ഷാപ്രവർത്തകർ ഓടി മാറി. രാത്രിതന്നെ മണ്ണുമാന്തിയന്ത്രങ്ങൾകൊണ്ടുവന്ന്‌ റോഡിലെ ചെളിനീക്കി തുടങ്ങി. എൻഡിആർഎഫ്‌ സംഘവും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തുണ്ടായിരുന്ന ടി സിദ്ദിഖ്‌ എംഎൽഎയെ ഫോണിൽ വിളിച്ചു. രക്ഷാപ്രവർത്തനത്തിന്‌ എല്ലാ നടപടിയും സ്വീകരിച്ചെന്നും പുലരുമ്പോഴേക്കും സേനാവിഭാഗങ്ങൾ മുഴുവൻ എത്തുമെന്നും പറഞ്ഞു.

വെളിച്ചം വീണതോടെ യുദ്ധസമാന രക്ഷാപ്രവർത്തനമായി. മൂന്നൂറോളം അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ്‌ വളന്റിയർമാരും നൂറുകണക്കിന്‌ പൊലീസും എത്തി.   ഇവരോടൊപ്പം സമീപപ്രദേശങ്ങളിലുള്ളവരും വളന്റിയർമാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. മണ്ണിൽ പൂണ്ടവരെ പുറത്തെടുത്ത്‌ ആശുപത്രികളിലേക്ക്‌ എത്തിച്ചു. ജില്ലയിലെ മുഴുവൻ ആംബുലൻസുകളും എത്തിയിരുന്നു. ദുരിതാശാസ ക്യാമ്പുകളും സജ്ജമാക്കി. ഒരുപകൽകൊണ്ട്‌ ചൂരൽമലയിലെ മുഴുവനാളുകളെയും മാറ്റി.

സൈന്യംകൂടി എത്തിയതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശവാസിവാസികളെയും പുറത്തെത്തിച്ചു. 300 കുടുംബങ്ങളെ ഇവിടെനിന്നുമാത്രം രക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ കൺട്രോൾറൂം തുറന്നായിരുന്നു രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം.

ഇൻഷുറൻസ് തുക വേഗത്തിൽ

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽഐസി സിഎംഡി സിദ്ധാർഥ മൊഹന്തി അറിയിച്ചു. ഇതിന്‌ കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. ദുരിതബാധിതർക്കൊപ്പമാണ്‌ എൽഐസിയെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

ഉരുളെടുത്ത്‌ 26 പശുക്കൾ, 310 കോഴി; നഷ്ടം 2.5 കോടി

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.  വളർത്തു മൃഗങ്ങൾ, തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്.

ശനി വരെയുള്ള കണക്ക്‌ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകൾ നശിച്ചു. ഒഴുക്കിൽപെട്ടും മണ്ണിനടിയിൽപെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്.