ഡോക്ടർ "ലൗ'

Monday Aug 5, 2024
സ്വന്തം ലേഖകൻ

ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നി രക്ഷാസേന കെട്ടിയ വടത്തിൽ തൂങ്ങി മറുകരയെത്തുന്ന വനിതാ ഡോക്ടറുടെ ദൃശ്യം വൈറലായിരുന്നു. മലപ്പുറം ചേളാരി സ്വദേശിനി ഡോ. ലവ്‌ന മുഹമ്മദ്‌ ആ സാഹസിക ദൗത്യത്തെക്കുറിച്ച്‌ ദേശാഭിമാനിയോട്‌
സംസാരിക്കുന്നു

കൽപ്പറ്റ > ഉരുൾപൊട്ടലുണ്ടായ രാത്രി മൈസൂരുവിലായിരുന്നു ഡോ. ലവ്‌ന മുഹമ്മദ്‌. രാവിലെ എട്ടോടെ ഉമ്മയുടെ വിളിയെത്തി. ‘‘വയനാട്ടിൽ ഉരുൾപൊട്ടലുണ്ട്‌. സീരിയസാണ്‌ കാര്യങ്ങൾ. നിന്റെ സേവനം വേണം, ഉടൻ പുറപ്പെട്ടോളൂ’’. ഇവിടെ തുടങ്ങുന്നു ചൂരൽമലയിലേക്കുള്ള ലവ്‌നയുടെ രക്ഷാദൗത്യം.

‘‘ഉച്ചയോടെ ചൂരൽമലയിൽ. കേട്ടതിനേക്കാളേറെ ഭീകരമായിരുന്നു സ്ഥിതി. പാലം തകർന്നതിനാൽ അക്കരെ നിസ്സഹായരായ ഒരുപാടുപേർ’’– ലവ്‌ന പറഞ്ഞു. ഡോക്ടറാണെന്നു പറഞ്ഞപ്പോൾ ലവ്‌ന ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിനെ മറുകരയിലേക്ക്‌ എത്തിക്കാനായി അഗ്നി രക്ഷാസേനയുടെ ശ്രമം. ‘‘അത്രയും ദൂരം വടത്തിൽ തൂങ്ങാൻ പേടിയായിരുന്നു. പേടിയോട്‌ പോകാൻ പറഞ്ഞു’’– ലവ്‌ന തുടർന്നു. ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിലായിരുന്നു ആദ്യ പരിഗണന. അമ്മയെയും മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പുറത്തെത്തിച്ചത്‌ മറക്കാനാകില്ല. മറുകരയെത്തിച്ചാൽ അമ്മതന്നെ കുഞ്ഞിനെ ഏറ്റുവാങ്ങുമല്ലോ എന്നതിനാൽ, അമ്മയെ ആദ്യം കടത്താൻ തീരുമാനിച്ചു. സമ്മതമാണോ എന്ന ചോദ്യത്തിന്‌, ""എന്റെ കുഞ്ഞ്‌ സുരക്ഷിതയായി എത്തുമെന്നറിയാം, ഫയർഫോഴ്‌സിനെ വിശ്വാസമാണ്‌''–-മറുപടി. അമ്മയെ മറുകരയിലെത്തിച്ച്‌ കുഞ്ഞിനെ മെഡിസിൻ ബോക്‌സിൽ കിടത്തി കൊണ്ടുപോയത്‌ കോഴിക്കോട്‌ അഗ്നി രക്ഷാസേനയിലെ നിഖിൽ ആയിരുന്നു. പരിക്കേറ്റവർക്കെല്ലാം പ്രാഥമിക ചികിത്സ നൽകി രാത്രി വടത്തിൽ തൂങ്ങിത്തന്നെയാണ്‌ ഡോ. ലവ്‌ന തിരിച്ചുകടന്നത്‌. താഴെയിറങ്ങി ഉമ്മയെ വിളിച്ചു. ""നല്ലകാര്യം. നീ നിന്റെ കടമ നിർവഹിച്ചു. ഊഞ്ഞാലിൽ കയറാൻ പേടിയുള്ള നീ വടത്തിൽ തൂങ്ങിയല്ലോ'' എന്ന്‌ പ്രോത്സാഹനം.

കോഴിക്കോട്‌ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ സ്‌പെഷലിസ്‌റ്റാണ്‌ ലവ്‌ന. കലിക്കറ്റ്‌ സർവകലാശാല മുൻ അറബിക്‌ വിഭാഗം പ്രൊഫസർ പരേതനായ ഡോ. മുഹമ്മദ്‌ വല്ലാഞ്ചിറയുടെയും ആയുർവേദ ഡോക്ടർ സാബിറ ബാനുവിന്റെയും മകളാണ്‌. പൊതുവെ പെൺകുട്ടികൾ താൽപര്യം പ്രകടിപ്പിക്കാത്ത എമർജൻസി മെഡിസിനിൽ ആയിരുന്നു ലവ്‌നയുടെ പിജി. ഉമ്മതന്നെയാണ്‌ ഈ മേഖല തെരഞ്ഞെടുക്കാൻ നിർദേശിച്ചത്‌. എസ്‌എഫ്‌ഐയിൽ സജീവമായിരുന്നു.