മുണ്ടക്കൈയിൽ ആറിടത്ത്‌
 തിരച്ചിൽ

Monday Aug 5, 2024
ഉരുൾപൊട്ടലിൽ തകർന്ന് ചെളിയടിഞ്ഞ മുണ്ടക്കെെ ഗവ. എൽപി സ്കൂൾ കെട്ടിടം. ദൂരെ കാണാതായവർക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകരെയും കാണാം

ചൂരൽമല > ഉരുൾപൊട്ടൽ കശക്കിയ മുണ്ടക്കൈയിൽ ആറാംദിവസവും തിരച്ചിൽ നടത്തി. പുഴയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ആറുസോണുകളായാണ്‌ പരിശോധന തുടർന്നത്‌. മുണ്ടക്കൈ അങ്ങാടിയിൽ വീടുകൾ തകർന്ന സ്ഥലങ്ങളിൽ മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഐബോഡ് റഡാർ പരിശോധനയാണ്‌ സൈന്യം നടത്തിയത്‌.

കൂടുതൽ ആഴത്തിലുള്ള മനുഷ്യസാന്നിധ്യം അറിയാനാണിത്‌. എന്നാൽ ഇതിൽനിന്ന്‌ സിഗ്നലുകൾ ലഭിച്ചിട്ടില്ല. പുഴയിലേക്ക്‌ വഴികളുണ്ടാക്കിയാണ്‌ മണ്ണുമാന്തിയന്ത്രം ഇറക്കിയത്‌. മണ്ണും ചെളിയും പാറക്കഷണങ്ങളും മാറ്റിയായിരുന്നു തിരച്ചിൽ. ഓട്ടോയുടെ തകർന്ന ഭാഗങ്ങൾ, പാചകവാതക സിലിണ്ടറുകൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ ലഭിച്ചു. ഡ്രോണുകളും തിരച്ചിലിന്‌ ഉപയോഗിച്ചു. വീട്ടുകാരുടെ അഭ്യർഥനയെത്തുടർന്ന്‌ പാടിയുടെ താഴെഭാഗത്തും മുണ്ടക്കൈ അങ്ങാടിയിലും സൈന്യം തിരച്ചിൽ നടത്തി.