അനാഥം ആഭരണങ്ങളും

Monday Aug 5, 2024

കൽപ്പറ്റ > അരപ്പട്ടിണി കിടന്ന്‌ സ്വരുക്കൂട്ടിയതും ഏറെ മോഹിച്ച്‌ വാങ്ങിയതും ഓമനിച്ചതുമായ എത്രയോ ആഭരണങ്ങളും ചൂരൽമല ദുരന്തത്തിൽ  അനാഥമായി. കെട്ടുതാലിയും വിവാഹമോതിരവും ഉൾപ്പെടെ  നിരവധി ആഭരണങ്ങളും പണവും രേഖകളും വയനാട്‌ കലക്ടറേറ്റിലെ ലോക്കർ മുറിയിൽ ഉടമകളെ കാത്തിരിക്കുന്നുണ്ട്‌. ചൂരൽമലയിലും മുണ്ടക്കൈയിലും നടന്ന തിരച്ചിലിൽ രക്ഷാപ്രവർത്തകർ കണ്ടെടുത്തവയാണ്‌ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്‌.

അഗ്നി രക്ഷാസേനയുടെയും റവന്യു വകുപ്പിന്റെയും പൊലീസിന്റെയും കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തകർ ഏൽപ്പിച്ച ആഭരണങ്ങളും രേഖകളും പണവുമാണിവ.  ഇവ ദിവസവും റവന്യു വകുപ്പ്‌ രജിസ്റ്ററിൽ രേഖപ്പെടുത്തി കലക്ടറേറ്റിന് കൈമാറും. ഓരോ തവണ ലഭിക്കുന്നതും ഓരോ കേസായി പരിഗണിക്കും. ശനിയാഴ്‌ചവരെ 73 കേസുകൾ രേഖപ്പെടുത്തി. ഇവ തരംതിരിച്ച്‌ രേഖപ്പെടുത്തുകയാണ്‌. ശേഷം പൊലീസിന്‌ കൈമാറും. പൊലീസാണ്‌ മൂല്യനിർണയം നടത്തുക.

നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാം

ചൂരൽമല > മുണ്ടക്കൈ ഉരുൾപൊട്ടലിൽ നഷ്ടമായ രേഖകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി. എസ്എസ്എൽസി, പ്ലസ്ടു  സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങൾ മേപ്പാടി ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയം എന്നിവിടങ്ങളിൽ അറിയിക്കണം. ഫോൺ: 8086983523, 9496286723, 9745424496, 9447343350, 9605386561.

ആയിരം ജീവനക്കാർ, സിവിൽ സ്റ്റേഷന്‍ 24x7

കൽപ്പറ്റ > ഉരുൾപൊട്ടൽ ദുരന്തനിവാരണം ഏകോപിപ്പിക്കാൻ കൽപ്പറ്റ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താൽക്കാലിക കൺട്രോൾ റൂമും 24 മണിക്കൂർ സജ്ജം. രക്ഷാപ്രവർത്തന ഏകോപനം, ടെക്‌നിക്കൽ ടീം, ക്യാമ്പ്‌ പ്രവർത്തനം, വിവരശേഖരണം, രോഗീപരിപാലനം, മൃതദേഹ സൂക്ഷിപ്പും -കൈമാറ്റവും- സംസ്‌കാരവും കാണാതായവരുടെ വിവരശേഖരണം, അതിഥിത്തൊഴിലാളി പരിചരണം, വളന്റിയർ മാനേജ്‌മെന്റ്- രജിസ്‌ട്രേഷൻ, ഡാറ്റാ –-കോൾ സെന്റർ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണവും -വിതരണവും കൗൺസിലിങ് സേവനം, വാഹനം, മാലിന്യ സംസ്കരണം എന്നിങ്ങനെ 15 സംഘമായി ആയിരത്തിലധികം ജീവനക്കാരാണ് കലക്ടറേറ്റിലും മുണ്ടക്കൈ-, ചൂരൽമലയിലുമായി പ്രവർത്തിക്കുന്നത്.