ദൗത്യം തുടരും
Monday Aug 5, 2024
കൽപ്പറ്റ > നിരവധിപേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവനും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ട് ഏഴാംനാൾ. കാണാതായ അവസാനത്തെയാളെയും കണ്ടെത്താൻ എല്ലാ മാർഗവും ഉപയോഗിക്കുകയാണ് സർക്കാർ. ഒപ്പം കണ്ണീരൊപ്പാനും ചേർത്തുപിടിക്കാനും അതുവഴി നാടിനെ തിരിച്ചുപിടിക്കാനും നീളുന്ന കരങ്ങൾ പ്രതീക്ഷയേകുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരുന്നുണ്ട്.
ചൂരൽമല–-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവർ 341 ആയി. 97 പുരുഷന്മാരും 87 സ്‌ത്രീകളും 37 കുട്ടികളുമുൾപെടെ 221 ആണ് ഔദ്യാഗിക കണക്ക്. തിരിച്ചറിഞ്ഞ 172 മൃതദേഹത്തിൽ 135 എണ്ണം ബന്ധുക്കൾക്ക് കൈമാറി. 166 ശരീരഭാഗം കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്തതും അഴുകിയതുമായ 8 മൃതദേഹം മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തുമല ഹാരിസൺ എസ്‌റ്റേറ്റിൽ ഒരുക്കിയ പൊതുശ്‌മശാനത്തിൽ ഞായറാഴ്‌ച രാത്രി സംസ്കരിച്ചു. 64 സെന്റ് സ്ഥലം ഇതിനായി കണ്ടെത്തി. 34 മൃതദേഹം തിരിച്ചറിയാനുണ്ട്. ഞായറാഴ്‌ച ചാലിയാറിൽനിന്ന് രണ്ടു മൃതദേഹവും 10 ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറയിൽനിന്ന് ഒരുമൃതദേഹം കണ്ടെത്തി.
വയനാട്ടിൽ ആരംഭിച്ച 17 ക്യാമ്പിൽ 701 കുടുംബങ്ങളിലെ 2551 പേരുണ്ട്. ഇവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി. 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിൽ 91 പേർ ചികിത്സയിലുണ്ട്. 253 പേർ ആശുപത്രി വിട്ടു. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എ കെ ശശീന്ദ്രൻ എന്നിവരെ കൂടാതെ മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവരും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഞായറാഴ്‌ച ദുരന്തബാധിതമേഖലകൾ സന്ദർശിച്ചു.
തിരച്ചിൽ തുടരും
ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരും. റിട്ട. മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ ആറു മേഖലകളായി തിരിച്ചാണ് പ്രവർത്തനം. വിവിധ സേനകളിലായി 1382 പേർ, 1700 വളന്റിയർമാർ എന്നിവരാണ് തിരച്ചിൽ നടത്തുന്നത്. യുപിയിലെ മീററ്റിൽനിന്ന് മൂന്ന് കെഡാവർ നായകളെകൂടി തിങ്കളാഴ്‌ച എത്തിക്കും. ഭൂമിയുടെ ഘടന അറിയാവുന്ന പഴയതും പുതിയതുമായ കൊണ്ടൂർ മാപ്പ് ഉപയോഗിച്ച് മണ്ണ് കൂടുതലായി വന്നടിഞ്ഞ സ്ഥലം കണ്ടെത്തി തിരച്ചിൽ നടത്തും. മുണ്ടക്കൈയിൽ ഞായറാഴ്‌ച റഡാർ പരിശോധന നടത്തി. ഐബൊഡ് പരിശോധനയിൽ പുതുതായുണ്ടാക്കിയ ബെയ്‌ലി പാലത്തിനുസമീപം രണ്ട് സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.
യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും വിന്യസിച്ചായിരുന്നു തെരച്ചിൽ. പുഞ്ചിരിമട്ടത്ത് റോഡുകൾ ശുചീകരിച്ച് സ്കാനർ പരിശോധിച്ചു. മുണ്ടക്കൈയിൽ സിഗ്നൽ കിട്ടിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്കൂൾ കെട്ടിടത്തിന്റെ ഭാഗത്തും പുഴയുടെ വശങ്ങളിലും സ്കൂൾ റോഡിന്റെ മുകളിലും തിരച്ചിൽ ഊർജിതമാക്കി. ചൂരൽമല ടൗൺ പ്രദേശത്ത് എട്ട് ഹിറ്റാച്ചി ഉപയോഗിച്ച് തകർന്ന വീടുകളും വലിയ പാറകളും നീക്കി തെരച്ചിൽ നടത്തി. ബെയ്‌ലി പാലവും അരുവിയോട് ചേർന്നുള്ള ഭാഗവും വില്ലേജ് ഓഫീസ് റോഡും വൃത്തിയാക്കി. ഡ്രോൺ നിരീക്ഷണവും നടത്തി.
കേരള പൊലീസിന്റെ കെ 9 സ്‌ക്വാഡിലെ ഒന്നും കരസേനയുടെ കെ 9 സ്‌ക്വാഡിലെ മൂന്നും തമിഴ്‌നാട് ഫയർ സർവീസ് ഡോഗ് സ്‌ക്വാഡിലെ അഞ്ചും നായകൾ ദൗത്യത്തിൽ പങ്കെടുത്തു.
കാട്ടിൽ തിരച്ചിലിനും എസ്‌ഒജി സംഘം: മിന്നൽ വേഗം തണ്ടർബോൾട്ട്
കൽപ്പറ്റ > കാടും മലയും പുഴയും കടന്ന് ജീവന്റെ തുടിപ്പിനായുള്ള പോരിൽ ആയുധങ്ങളല്ല, കരുതലാണ് കേരളത്തിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പായ തണ്ടർബോൾട്ടിന്റെ ആയുധം. ചൂരൽമലയെ ഉരുളെടുത്ത പുലർച്ചെ മുതൽ കലിതുള്ളിയൊഴുകുന്ന ചാലിയാർ കടന്ന് നിലമ്പൂർ കാടുകളിൽ ഒഴുകിപ്പോയ പ്രിയപ്പെട്ടവരെ തിരയുകയാണവർ. കരയിലൂടെ മുകളിലേക്ക് എത്താൻ കഴിയില്ലെന്ന് മനസിലാക്കി 15 പേരുള്ള സംഘം കാടിറങ്ങി. ഉരുളിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തെത്തി പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റൊരു സംഘം ഹൈസ്‌കൂൾ റോഡിന് മുകളിലേക്ക് കയറി റോപ്പ് മാർഗം മുണ്ടക്കൈയിലെത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഇരുന്നൂറോളം പേരെ ഇവർ സുരക്ഷിതരാക്കി.
മലമുകളിലെ റിസോർട്ടിലടക്കം അഭയംതേടിയവരെ താഴെയെത്തിച്ചു. താൽക്കാലിക പാലം പണി ആരംഭിച്ചതും തണ്ടർബോൾട്ടാണ്. അഗ്നിരക്ഷാസേന സഹായവുമായെത്തി. പിന്നീട് എൻഡിആർഎഫും സൈന്യവുമായി ചേർന്നായി ദൗത്യം. നിലമ്പൂരിൽ ഒമ്പത് കിലോമീറ്റർ കൊടുംവനത്തിലൂടെ സഞ്ചരിച്ച് അഞ്ച് പേരുടെ സംഘം മൂന്ന് മൃതദേഹം കണ്ടെടുത്തിരുന്നു. പര്‍വതാരോഹണത്തിൽ ലഭിച്ച പ്രത്യേക പരിശീലനവും ഇവർക്ക് കരുത്താണ്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, അരീക്കോട് യൂണിറ്റുകളിലെ 140 പേരടങ്ങിയ കമാൻഡോ സംഘമാണ് രക്ഷാദൗത്യത്തിലുള്ളത്. എസ്ഒജി എസ്‌പി തപോഷ് ബസുമതാരിക്കാണ് നേതൃത്വം.