മുറിവുണക്കി

Monday Aug 5, 2024
മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പിൽ കാരംസ് കളിക്കുന്ന കുട്ടികൾ

മേപ്പാടി  > അതിജീവനത്തിന്റെ കുഞ്ഞുവെളിച്ചം കൊളുത്തിവെക്കുന്ന കളിചിരികൾ  നിറയുകയാണ്‌ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ. വേദനകളെ മായ്‌ച്ചുകളയലാണ്‌ അതിജീവനത്തിലേക്കുള്ള മാർഗമെന്ന്‌ ഓർമപ്പെടുത്തുന്നു ക്യാമ്പിലെ കുഞ്ഞുങ്ങൾ. മിമിക്രിയും മോണോആക്ടുമായി ആദിത്യനും അമർജിതും. ദേവികയുടെ പാട്ട്‌. താളം പിടിച്ചും നൃത്തംചെയ്‌തും കൂട്ടാളികൾ.

വനിതാ ശിശുവികസനവകുപ്പിന്‌ കീഴിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസലർമാരാണ്‌ കുട്ടികൾക്ക്‌ മാനസിക പിന്തുണയും  കൗൺസലിങ്ങും നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്‌. മലപ്പുറം, കോഴിക്കോട്‌ ജില്ലക്കാരായ 12 കൗൺസലർമാരാണ്‌ ക്യാമ്പുകളിലുള്ളത്‌. 15 വയസ്സിൽ താഴെയുള്ള മുപ്പതോളം പേർ പരിപാടികളിൽ പങ്കെടുത്തു. കഴിഞ്ഞദിവസം സെന്റ്‌ജോസഫ്‌ യുപി സ്‌കൂളിലും കൗൺസലിങ്‌ നടത്തിയിരുന്നു.