കണ്ണീർപ്പാട്

Monday Aug 5, 2024

ഉരുളിൽ പിളർന്ന്‌ 
ഒറ്റപ്പെട്ടുപോയ ചൂരൽമലയും മുണ്ടക്കൈയും ജീവശ്വാസം 
വീണ്ടെടുക്കുകയാണ്‌. കരൾ പിളരുന്ന വേദനകളെ കുഴിവെട്ടി 
മൂടുക അനായാസമല്ലെന്ന്‌ അവർക്കറിയാം. വേദനകളിൽ ഒപ്പമുണ്ടായിരുന്നവരുടെ കൈപിടിച്ച്‌ ജീവിതത്തിലേക്ക്‌ തിരികെ നടക്കാനാണ്‌ ശ്രമം. തോറ്റ ജനതയല്ല കേരളമെന്ന്‌ ചുറ്റിലുമുള്ള അതിജീവനക്കാഴ്‌ചകൾ  ഓർമിപ്പിക്കുന്നുണ്ട്‌.



ഓർമയുടെ മഞ്ചാടിമണികൾ... ചൂരൽമല ഹൈസ്കൂൾ റോഡിലെ തകർന്ന വീട്ടിൽ ഇന്ന് അനുശ്രീയുടെ ഓർമകൾ അവശേഷിക്കുന്നുണ്ട്. ചുവരുകളെല്ലാം വീണുപോയ കുഞ്ഞുമുറിയിലെ ചെളിയിൽ പൊതിഞ്ഞ പുസ്തകങ്ങൾക്കിടയിൽ അനുശ്രീയുടെ ആഭരണങ്ങളും ഒപ്പം സൂക്ഷിച്ച ഒരുപിടി മഞ്ചാടിക്കുരുവും പോറലേൽക്കാതെ ഇപ്പോഴും കാണാം. ഉറക്കത്തിനിടെ അച്ഛനും അമ്മയും വിളിച്ച് എഴുന്നേൽപ്പിച്ച് ഓടി രക്ഷപ്പെടാൻ പറഞ്ഞെങ്കിലും ആ ഇരുപത്തിമൂന്നുകാരി ഓടിക്കയറിയത് കുത്തിയൊലിച്ചുവന്ന ചെളിയിലേക്കായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അനുശ്രീക്ക് പുതിയ ജോലി കിട്ടി പ്രവേശിക്കാൻ കാത്തിരിപ്പായിരുന്നു. പിന്നീട് നിലമ്പൂരിൽ നിന്നാണ് അനുശ്രീയുടെ മൃതദേഹം കണ്ടെടുത്തത്. അച്ഛൻ സുരേഷും അമ്മ പ്രീതയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്


രൂപ, രേഖകൾ... ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിലിൽ കണ്ടെടുത്ത പാസ്പോർട്ടും പണവും


ജീവന്റെ കൂടുമാറ്റം... ഉരുളിൽ തകർന്ന വീടിനോട്‌ ചേർന്നുള്ള കൂട്ടിൽ ആറാം ദിനത്തിലും ജീവനോടെ ബാക്കിയുണ്ടായിരുന്നു പൂവൻകോഴി. രക്ഷാപ്രവർത്തകർ വെള്ളവും ഭക്ഷണവും നൽകി പരിചരിച്ചതിനാൽ ബാക്കിയായ ജീവിതം. ഞായറാഴ്‌ച വീട്ടുകാരെത്തി കൊണ്ടുപോയി


ജീവൻ മുളയ്‌ക്കുന്നു... ഏത്‌ പ്രതിസന്ധികളിലും അതിശയിപ്പിക്കുന്നുണ്ട്‌ ജീവനെന്ന മഹാത്ഭുതം. ചൂരൽമലയിൽ ഉരുൾ പാടേ തകർത്ത കടമുറിയിൽ അവശേഷിച്ച സവാളയ്‌ക്കും ബീറ്റ്‌റൂട്ടിനും മുളപൊട്ടിയപ്പോൾ


ഇനി പുതിയ താളം... ചൂരൽമല ഹൈസ്കൂൾ റോഡിലെ തകർന്ന വീട്ടിൽ അവശ്യസാധനങ്ങൾ തിരിച്ചെടുക്കാൻ എത്തിയ കെ ജയേഷ് മകൾ അക്ഷയയുടെ ചിലങ്ക സൂക്ഷിച്ചുവയ്ക്കുന്നു. സാധനങ്ങളെല്ലാം പൂർണമായി നശിച്ച വീട്ടിൽ മക്കളുടെ ട്രോഫികളും മെഡലുകളും മാത്രമാണ് ബാക്കിയായത്. ഉരുൾപൊട്ടും 
മുമ്പ് ഓടി രക്ഷപ്പെട്ട ജയേഷിന്റെ കുടുംബം മേപ്പാടി ക്യാമ്പിലാണ്


കൂട്ടുകാരെങ്ങുപോയ്‌... ചൂരൽമല സ്കൂൾ റോഡിൽ 
തകർന്ന വീടിന്‌ മുന്നിൽ 
അനാഥമായി കിടക്കുന്ന പാവക്കുട്ടി


ഉടലിനെ തേടുന്നു 
കുഞ്ഞുടുപ്പുകൾ... ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വീടിനരികെ വിരിച്ചിട്ടിരിക്കുന്ന തുണികൾ.


ജീവിതത്തിന്റെ 
താക്കോൽ... ആശുപത്രിയിൽ പരിക്കേറ്റ്‌ കിടപ്പാണ്‌ ബൈക്കുടമ ജയ്‌സൺ. പ്രളയം കശക്കിയെറിഞ്ഞ വീടിനരികെ അധികം പരിക്കില്ലാതെ ജയ്‌സണിന്റെ പ്രിയവാഹനമുണ്ട്‌. താക്കോൽ പോലും നഷ്ടപ്പെടാത്ത ബെെക്ക് ജയ്‌സന്റെ സുഹൃത്തുക്കളാണ്‌ വീണ്ടെടുത്തത്