wayanad tragedy

ഉരുൾ ബാക്കിവച്ചു, സെൽവരാജനൊരു കത്ത്‌

Tuesday Aug 6, 2024

ചൂരൽമല >  ടു, സെൽവരാജൻ, സെന്റിനൽ എസ്‌റ്റേറ്റ്‌, മുണ്ടക്കൈ ഡിവിഷൻ, മേപ്പാടി വഴി, വെള്ളാർമല പിഒ... ഈ വിലാസത്തിലൊരു ഇൻലൻഡ്‌ കത്ത്‌ പോറലേൽക്കാതെ ചൂരൽമലയിൽ ഉരുൾ ഒഴുക്കിക്കൊണ്ടുവന്ന പാറമുകളിലുണ്ടായിരുന്നു. ഇൻലൻഡിന്‌ 20 പൈസയുണ്ടായിരുന്ന കാലത്തെ കത്ത്‌. ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ കാമറയിൽ പതിഞ്ഞ ചിത്രത്തിലെ വിലാസം തേടി ഇറങ്ങി.

മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലുണ്ട്‌ വിലാസക്കാരൻ. മുണ്ടക്കൈ ഹാരിസൺ എസ്‌റ്റേറ്റിലെ മുൻ സൂപ്പർവൈസർ സെൽവരാജ്‌ സർവവും നഷ്ടപ്പെട്ട്‌ നിസ്സഹായനായിരുന്നു. കത്തിന്റെ കാര്യം അറിയിച്ചതോടെ കണ്ണിൽ പ്രകാശം. ഉരുളിൽ വീട്‌ ഒലിച്ചുപോയെങ്കിലും കത്ത്‌ നശിക്കാതെയുണ്ടെന്നറിഞ്ഞതോടെ അതിനൊപ്പം സൂക്ഷിച്ച വിലപ്പെട്ട രേഖകളും ലഭിക്കുമെന്ന പ്രതീക്ഷയായി. ചൂരൽമല ഹൈസ്കൂൾ റോഡിനോടുചേർന്ന്‌ അടിഞ്ഞ പാറമുകളിലായിരുന്നു കത്ത്‌. ഇവിടെയായിരുന്നു സെൽവരാജിന്റെ വീടും. രേഖകളടങ്ങിയ ബാഗും ആർക്കെങ്കിലും കിട്ടിയിട്ടുണ്ടാകാമെന്നും അവർ തേടിവരികയോ, അധികൃതരെ ഏൽപ്പിക്കുകയോ ചെയ്‌തിട്ടുണ്ടാകുമെന്ന പ്രത്യാശയിലാണ്‌ സെൽവരാജ്‌.

ദുരന്തത്തിൽനിന്ന്‌ സെൽവരാജും ഭാര്യ ബേബി, മക്കൾ സജന, സജു എന്നിവർ തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌. മലവെള്ളം ഇരച്ചെത്തുംമുമ്പ്‌ ഇരുളിൽ ഇറങ്ങി ഓടി. മിനിറ്റുകൾക്കകം വീട്‌ ഒലിച്ചുപോയി. സംസ്ഥാന സർക്കാർ അംബേദ്‌കർ പദ്ധതിയിൽ നൽകിയ വീടാണ്‌. തമിഴ്‌നാട്‌ തൃശ്‌നാപ്പള്ളി സ്വദേശിയായ സെൽവരാജ്‌ 1976ലാണ്‌ ചൂരൽമലയിൽ എത്തുന്നത്‌. 2013ൽ വിരമിച്ചു.