വാങ്ങാം, പണംവേണ്ട; നീലിക്കാപ്പിൽ സ്‌നേഹക്കട

Tuesday Aug 6, 2024
സൗജന്യമായി പലചരക്കുസാധനങ്ങൾ വിതരണം ചെയ്യുന്ന ഉസ്മാന്റെ കട

ചൂരൽമല >  നഷ്ടങ്ങൾമാത്രം കണ്ടറിയുന്ന ചൂരൽമലയിലെയും മുണ്ടക്കൈയിലെയും നാട്ടുകാർക്കായി നീലിക്കാപ്പിൽ സ്‌നേഹത്തിന്റെ കട തുറന്നിരിപ്പുണ്ട്‌ ഉസ്മാൻ. നാട്ടുകാർക്കും ദുരിതബാധിതർക്കും പണം നൽകാതെ ഇവിടെനിന്ന്‌ പലചരക്കും അവശ്യസാധനങ്ങളും വാങ്ങാം.

ചൂരൽമലയോട് ചേർന്നാണ്‌ നീലിക്കാപ്പ്. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും തൊഴിലുപേക്ഷിച്ച്‌ രക്ഷാദൗത്യത്തിലാണ്‌. പണമില്ലാത്തതിനാൽ ആരും ബുദ്ധിമുട്ടരുതെന്ന്‌ ചങ്ങരത്ത്‌ ഉസ്‌മാൻ പറയുന്നു. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ്‌ സാധനം സൗജന്യമായി നൽകുക. ആവശ്യപ്പെട്ടാൽ കൂടുതൽ ദിവസം സൗജന്യക്കട തുറക്കും. ദുരന്തമേഖലയിൽ സന്നദ്ധസേവനത്തിലും സജീവം. കഴിഞ്ഞദിവസം കടയിലെത്തിയ സുഹൃത്ത്‌ പലചരക്ക്‌ സാധനങ്ങൾ വാങ്ങി പണം പിന്നെ തരാമെന്ന്‌ പറഞ്ഞിരുന്നു. നാട്ടിൽ പലരും അവശ്യസാധനങ്ങൾ വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന്‌ തിരിച്ചറിഞ്ഞതോടെ സൗജന്യമായി കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാമെന്ന്‌ നോട്ടീസ്‌ പതിച്ചു. മൂന്ന്‌ ദിവസത്തിനിടെ ചങ്ങരത്ത് മാർട്ടിൽനിന്ന്‌ 50,000 രൂപയുടെ സാധനങ്ങൾ നാട്ടുകാർ സൗജന്യമായി വാങ്ങി.